ദേശീയപാതയിൽ വേണ്ടത്ര സബ് വേകളില്ല മുല്ലക്കരയിൽ ഉടനെ വേണമെന്ന് പൊലീസ്

Wednesday 22 January 2025 12:00 AM IST

തൃശൂർ: സംസ്ഥാനത്തെ ആദ്യ ആറുവരി ദേശീയപാതയായ മണ്ണുത്തി - വടക്കഞ്ചേരി പാതയിൽ സബ് വേകൾ വേണ്ടത്രയില്ലെന്ന് ആക്ഷേപം. റോഡ് മുറിച്ചുകടക്കുമ്പോൾ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങളും മരണങ്ങളും ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ മുല്ലക്കര മുളയം റോഡ് ജംഗ്ഷനിൽ അടിയന്തരമായി സബ്‌വേ നിർമ്മിക്കാൻ ദേശീയപാത പാലക്കാട് പ്രൊജക്ട് ഡയറക്ടർക്ക് പൊലീസ് കത്ത് നൽകി. നേർക്കാഴ്ച അസോസിയേഷൻ പ്രവർത്തകൻ പി.ബി.സതീഷ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

കമ്മിഷണർ ആർ.ഇളങ്കോ നടത്തിയ റോഡ് സുരക്ഷാ പരിശോധനയിൽ മണ്ണുത്തി സ്‌റ്റേഷൻ പരിധിയിലെ ഡോൺ ബോസ്‌കോ സ്‌കൂളിന് മുൻവശത്തും മുല്ലക്കര മുളയം സെന്ററിലുമായി ബ്ലാക്ക് സ്‌പോട്ടുള്ളതായി കണ്ടെത്തി. ഇത് പൊലീസ് റിപ്പോർട്ടിലുണ്ട് . റോഡ് അശ്രദ്ധമായി മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലൊന്നാണിത്.

ഡിവൈഡറുകൾ സ്ഥാപിച്ച് ദേശീയപാത പൂർണമായും അടച്ചിട്ടുള്ളതിനാൽ പ്രദേശവാസികൾക്കും കുട്ടികൾക്കും നാഷണൽ ഹൈവേ മുറിച്ച് കടക്കുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ട്. പ്രദേശവാസികളുടെയും സ്‌കൂൾ അധികൃതരുടെയും ഭാഗത്തുനിന്ന് സമരങ്ങളും ധർണകളും നടക്കുന്നുണ്ട്. നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കേണ്ടതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ദേശീയപാത അതോറിറ്റിയോട് കമ്മിഷണർ ആവശ്യപ്പെട്ടിരുന്നു.

തമിഴ്‌നാട്ടിലുണ്ട്

തമിഴ്‌നാട്ടിൽ കോയമ്പത്തൂർ മുതൽ അവിനാശി വരെ 25 കിലോമീറ്റർ നിർമ്മിച്ച ആറുവരി ദേശീയപാതയിൽ ഓരോ 500-700 മീറ്ററിലും ഇടവിട്ട് സുരക്ഷിതമായി ഇടമുറിയുവാൻ 37 അടിപ്പാതകൾ നിർമ്മിച്ചിട്ടുണ്ട്. കന്നുകാലികൾക്കും കാർഷിക ആവശ്യങ്ങൾക്കുമായി സുരക്ഷിതമായി ഇടമുറിയാൻ 9 അടിപ്പാതകൾ നൽകിയിരിക്കുന്നതായി തമിഴ്‌നാട്ടിലെ ദേശീയപാത അതോറിറ്റിയിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. റോഡുകളുടെ ഇരുവശവും ജനങ്ങൾ തിങ്ങിപ്പാർക്കുന്നുവെന്നത് സംബന്ധിച്ച് യാതൊരു ശാസ്ത്രീയ പഠനങ്ങളും നടത്താതെയാണ് ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണമെന്നാണ് ആക്ഷേപം.

ഒഴിയാതെ അപകടങ്ങൾ

2011 മുതൽ 2023 മാർച്ച് 25 വരെ 4459 വാഹന അപകടങ്ങൾ, 20 മരണം അശാസ്ത്രീയമായ സിഗ്‌നൽ കാരണം അപകടം: 666 മരണം: 177

ജാഗ്രത വേണം, കരുതലും

അടിപ്പാതയുള്ളത് തോട്ടപ്പടിയിൽ മാത്രം വലിയ കവലയായ മുല്ലക്കര -മുളയം ജംഗ്ഷനിലെത്തുന്നത് ആയിരങ്ങൾ പ്രതിദിനം 500ൽ അധികം വാഹനങ്ങൾ ജംഗ്ഷനിലെത്തുന്നു അടിപ്പാതയ്ക്കായുള്ള ജനകീയ ആവശ്യത്തെ അംഗീകരിക്കുന്നില്ല കേസുകൾക്കായി ദേശീയപാത അതോറിറ്റി ചെലവഴിക്കുന്നത് ലക്ഷ ങ്ങൾ

സബ്‌വേ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലക്കര സെന്റർ മുളയം റോഡ് ജനകീയ സമിതിയുടെ ഹർജി ഹൈക്കോടതി ഈ മാസം പരിഗണിക്കുന്നുണ്ട്.

എം.ഡി.ഫ്രാൻസിസ് സെക്രട്ടറി മുല്ലക്കര സെന്റർ മുളയം റോഡ് സബ്ബ് വേ ജനകീയ സമിതി.