ജാർഖണ്ഡിൽ രണ്ട് മാവോയിസ്‌റ്റുകളെ സുരക്ഷാസേന വധിച്ചു, മരണമടഞ്ഞവരിൽ ഒരാൾ വനിത

Wednesday 22 January 2025 3:36 PM IST

റാഞ്ചി: രാജ്യത്ത് ഇന്നും മാവോയിസ്‌റ്റ്-സുരക്ഷാസേന ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്‌തു. ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ വനത്തിലാണ് സുരക്ഷാസേനയും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്. ബൊക്കാറോ ജില്ലാ ആസ്ഥാനത്തിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടൽ. ബുധനാഴ്‌ച പുലർച്ചെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. രണ്ട് മാവോയിസ്‌റ്റുകളെ വധിക്കുകയും എകെ 47 അടക്കം നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.

ബൊക്കാറോ ജില്ലാ പൊലീസും സിആർപിഎഫിന്റെ 209-ാം ബറ്റാലിയനിലെ കോബ്രാ യൂണിറ്റും ചേർന്നാണ് മാവോയിസ്‌റ്റ് വേട്ട നടത്തിയത്. ബൊക്കാറോയിൽ ജാർവാ, ബൻഷി വനങ്ങളിൽ ഉപ്പർ ഘട്ടിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായത്. തുടർന്ന് സുരക്ഷാസേന സ്ഥലം വളഞ്ഞു. ഇതിനിടെ മാവോയിസ്‌റ്റുകൾ വെടിയുതിർത്തതോടെ സുരക്ഷാസേന ശക്തിയായി തിരിച്ചടിച്ചു.

ശാന്തി മഹ്തോ, മനോജ് ബക്‌ഷെ എന്നിവരാണ് വധിക്കപ്പെട്ടത്. ധാവായിതൻഡ് ഗ്രാമവാസിയാണ് ശാന്തി മഹാതോ, മനോജും ഇതേ ഗ്രാമവാസിയാണ്. രൺവിജയ് മഹാതോയുടെ ഭാര്യയാണ് ശാന്തി. ഇദ്ദേഹവും മാവോയിസ്‌റ്റ് നേതാവാണ്. ചൊവ്വാഴ്‌ച ഇയാൾ അറസ്‌റ്റിലായിരുന്നു. പിടിയിലായവരിൽ തലയ്‌ക്ക് 15 ലക്ഷം വിലയുള്ള രൺവിജയെ ചോദ്യംചെയ്‌തതിൽ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് ഇന്ന് പരിശോധനയും ഏറ്റുമുട്ടലും ഉണ്ടായത്. ഇപ്പോഴും സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഒഡീഷ, ഛത്തീസ്‌ഗ‌ഡ് അതിർത്തിയിൽ നടന്ന മാവോയിസ്റ്റ്-സുരക്ഷാസേന ഏറ്റുമുട്ടലിൽ 14 മാവോയിസ്‌റ്റുകളെ കൊലപ്പെടുത്തിയിരുന്നു. ഇവരിൽ ആറുപേർ വനിതകളാണ്. ഛത്തീസ്‌ഗഡിലെ ബീജാപൂരിൽ ജനുവരി 16ന് നടന്ന ഏറ്റുമുട്ടലിൽ 17 മാവോയിസ്‌റ്റുകളെ വധിച്ചിരുന്നു.