ഒരു വിമാനക്കമ്പനികൂടി അടച്ച് പൂട്ടുന്നു; പണം കടം കൊടുത്തത് മുന്‍നിര ബാങ്കുകള്‍

Wednesday 22 January 2025 7:58 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ മറ്റൊരു വിമാനക്കമ്പനി കൂടി കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ച്പൂട്ടൂന്നു. കഴിഞ്ഞ കുറച്ച് കാലമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ആണ് അടച്ച്പൂട്ടാനൊരുങ്ങുന്നത്. പ്രവര്‍ത്തനം അവസാനിപ്പിച്ച് ആസ്തികള്‍ വിറ്റ് ബാദ്ധ്യതകള്‍ തീര്‍ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. വായ്പാ കുടിശിക ഇനത്തില്‍ മാത്രം 6521 കോടി രൂപയാണ് കമ്പനിയുടെ ബാദ്ധ്യത. ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ആണ് ലിക്വിഡേഷന് നിര്‍ദ്ദേശം നല്‍കിയത്.

വായ്പ കുടിശിക ഈടാക്കുന്നതിനായി കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് ആണ് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചത്. ഗോ ഫസ്റ്റിന് വായ്പ നല്‍കിയവരില്‍ രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളും ഉള്‍പ്പെടും. കടം വര്‍ദ്ധിച്ചതിനാല്‍ ഗോ ഫസ്റ്റ് പാപ്പര്‍ ഹര്‍ജി ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചിരുന്നു. ബാദ്ധ്യത തീര്‍ക്കലിന് ഉത്തരവിട്ടതോടെ വിമാനകമ്പനിയുടെ ആസ്തികളുടെ കണക്ക് ശേഖരിക്കാനും വായ്പാ തിരിച്ചുപിടിക്കാനും നടപടികള്‍ക്ക് വഴിയൊരുങ്ങുകയായിരുന്നു.

17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗോ ഫസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചത്, എന്നാല്‍ 2023 മുതല്‍ പ്രവര്‍ത്തനം നിര്‍ജ്ജീവമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് വരെ ഗോ എയര്‍ എന്ന പേരിലായിരുന്നു മുംബൈ ആസ്ഥാനമായ ഈ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. 2023ലാണ് ഗോ ഫസ്റ്റ് എന്ന പേരിലേക്ക് മാറിയത്. ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 6.4 ശതമാനം നിയന്ത്രിക്കുന്ന തരത്തിലേക്ക് വളരാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളില്‍ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍.

5,000ല്‍ കൂടുതല്‍ ജീവനക്കാര്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍സില്‍ ജോലി ചെയ്തിരുന്നു. വ്യോമയാന രംഗത്ത് മത്സരം കടുത്തതാണ് ഗോ ഫസ്റ്റിന് തിരിച്ചടിയായത്. കഴിഞ്ഞ 31 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 27 വിമാനക്കമ്പനികളാണ് പൂട്ടിപ്പോകുകയോ അല്ലെങ്കില്‍ മറ്റ് കമ്പനികളുമായി ലയിക്കുകയോ ചെയ്തത് എന്നാണ് കണക്കുകള്‍.