യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ചർച്ചയിൽ ഇന്ത്യയ്ക്ക് മുൻഗണന # ചൈനയ്ക്കുള്ള സന്ദേശം

Thursday 23 January 2025 5:26 AM IST

വാഷിംഗ്ടൺ: ചൈനയ്ക്ക് വ്യക്തമായ സന്ദേശം നൽകിയും ഇന്ത്യ ഉറ്റപങ്കാളിയെന്ന് അടിവരയിട്ടും യു.എസിലെ ട്രംപ് ഭരണകൂടം. അധികാരമേറ്റതിന് പിന്നാലെ യു.എസ് സ്​റ്റേ​റ്റ് സെക്രട്ടറി മാർകോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസും നടത്തിയ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചകൾ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായിട്ടായിരുന്നു എന്നത് ശ്രദ്ധേയം. റൂബിയോയുമായി ജയശങ്കർ നടത്തിയ ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ ഇന്ത്യ - യു.എസ് കൂടുതൽ ശക്തമാക്കുന്നതും ആഗോള പ്രശ്നങ്ങളും വിഷയമായി.

മുൻ ഭരണകൂടങ്ങൾ അധികാരത്തിയ ശേഷം ആദ്യ ഉഭയകക്ഷി ചർച്ചകൾ നടത്തിയത് കാനഡ, മെക്‌സിക്കോ എന്നീ അയൽരാജ്യങ്ങളുടെയോ നാറ്റോ സഖ്യത്തിന്റെയോ പ്രതിനിധികളുമായിട്ടായിരുന്നു. ഈ പതിവാണ് ട്രംപ് ഭരണകൂടം മാറ്റിയത്.

ഉഭയകക്ഷി ചർച്ചയ്ക്ക് മുന്നേ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ജയശങ്കറും റൂബിയോയും പങ്കെടുത്തു. ഇന്തോ - പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമിട്ടുള്ള ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവരുടെ കൂട്ടായ്മയാണ് ക്വാഡ്.

ട്രംപിന്റെ ആദ്യ വിദേശനയ നടപടിയായി ക്വാഡ് യോഗം നടത്തിയത് ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റത്തിനെയുള്ള സന്ദേശമായിട്ടാണെന്നാണ് വിലയിരുത്തൽ. നിർബന്ധിത നടപടികളിലൂടെ ഇന്തോ-പസഫിക്കിലെ സ്ഥിതിഗതികൾ മാറ്റുന്നത് അംഗീകരിക്കില്ലെന്ന് യോഗത്തിന്റെ പ്രസ്താവനയിൽ മുന്നറിയിപ്പും നൽകി. ചൈനയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.

മോദി - ട്രംപ് ചർച്ച

വഴിത്തിരിവാകും

പ്രധാനമന്ത്രി നരേന്ദ്രമോദി- ട്രംപ് കൂടിക്കാഴ്ച അടുത്ത മാസം വാഷിംഗ്ടണിൽ നടന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. അതു നടന്നാൽ ബന്ധം കൂടുതൽ ശക്തമാവും.

വ്യാപാരം, ഇന്ത്യൻ പൗരന്മാരുടെ തൊഴിൽ,​ വിസ എന്നിവ പ്രധാന വിഷയമായേക്കും. 2019ൽ ഹൂസ്റ്റണിൽ മോദിയും ട്രംപും പങ്കെടുത്ത 'ഹൗഡി മോദി' പരിപാടിയും തൊട്ടടുത്ത വർഷം ഫെബ്രുവരിയിൽ ട്രംപിന്റെ ഇന്ത്യാ സന്ദർശനവും ഗംഭീര വിജയമായിരുന്നു.