പ്രസക്തി കുറയുന്ന എംപ്ളോ. എക്സ്‌‌ചേഞ്ച്

Friday 24 January 2025 3:39 AM IST

ഒരുകാലത്ത് സംസ്ഥാനത്തെ എംപ്ളോയ്‌മെന്റ് എക്സ‌്‌ചേഞ്ചുകളായിരുന്നു അഭ്യസ്തവിദ്യരുൾപ്പെടെയുള്ള തൊഴിൽ രഹിതരുടെ ഏക പ്രതീക്ഷാകേന്ദ്രം. ജോലിയില്ലാതെ നിൽക്കുന്ന യുവതീയുവാക്കൾ ഏതെങ്കിലുമൊരു പരീക്ഷ പാസായാൽ ആദ്യം ഓടിയെത്തി എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യുന്നതായിരുന്നു നാട്ടുനടപ്പ്. എക്സ്‌‌ചേഞ്ചുകളിലെ ഈ കണക്കാണ് രാഷ്ട്രീയക്കാരും രാഷ്ട്രീയമില്ലാത്തവരുമെല്ലാം നാട്ടിലെ തൊഴിലില്ലായ്മയുടെ ഭീകരത സമർത്ഥിക്കാനായി എപ്പോഴും ഉയർത്തിക്കാട്ടിയിരുന്നത്. കാലം മാറിയതോടെ യുവതീയുവാക്കൾക്ക് എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേരു ചേർക്കാനുള്ള പഴയ ആവേശം ഇല്ലാതായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിയമനങ്ങൾക്ക് താൽക്കാലിക സ്വഭാവം മാത്രമുള്ളതാണ് ഇതിനു കാരണം.

സാങ്കേതിക കോഴ്സുകൾ പഠിച്ചിറങ്ങുന്നവരിൽ അധികം പേർക്കും എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയല്ലാതെ ജോലി ലഭിക്കാനുള്ള അവസരങ്ങളും ഇന്നു കൂടുതലാണ്. പ്രത്യേക യോഗ്യതയൊന്നും ഇല്ലാത്തവരും,​ എന്നെങ്കിലും ഒരു ചാൻസ് കിട്ടാതിരിക്കില്ലെന്ന് വിശ്വാസമുള്ളവരുമാണ് ഇന്ന് എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചുകളെ ആശ്രയിക്കുന്നത്. ഇതൊക്കെയാണെങ്കിലും മുപ്പതു ലക്ഷത്തിലധികം പേർ വിവിധ എക്സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് ഉദ്യോഗത്തിനായി ഇപ്പോഴും കാത്തിരിക്കുന്നുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്.തൊഴിൽ നൽകുന്നതിൽ അത്ര മോശപ്പെട്ട സ്ഥിതിയൊന്നുമല്ല എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചുകളുടേത്. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ 47,390 പേർക്ക് എക്സ്‌ചേഞ്ച് വഴി നിയമനം നൽകിയിട്ടുണ്ട്. എന്നാലും പി.എസ്.സി വഴി ഓരോ വർഷവും നടക്കുന്ന നിയമനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ അതിന്റെ പത്തു ശതമാനമേ എക്സ്‌ചേഞ്ച് വഴി നടക്കുന്നുള്ളൂ എന്നു ബോദ്ധ്യമാകും.

ആറുമാസമാണ് പരമാവധി കാലാവധിയെങ്കിലും ചിലർക്ക് കൂടുതൽ കാലം ദീർഘിപ്പിച്ചു കിട്ടാറുണ്ട്. നിയമനങ്ങളിൽ അധികവും പിൻവാതിലിലൂടെയാകയാൽ അവസരം കാത്തിരിക്കുന്നവർ പൊതുവേ നിരാശരാകും. എല്ലാ താത്‌കാലിക നിയമനങ്ങളും എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം. പലപ്പോഴും ഭരണത്തിലിരിക്കുന്ന മുന്നണിയുടെ ആൾക്കാർക്കും ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കും ചാർച്ചക്കാർക്കുമൊക്കെയാകും നിയമനത്തിൽ മുഖ്യ പരിഗണന. സത്യസന്ധമായും സുതാര്യമായും അവിടെ ഒന്നും നടക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. അതുകൊണ്ടുതന്നെ രജിസ്റ്ററിലെ പേര് പുതുക്കാൻ പലരും മുന്നോട്ടുവരാറുമില്ല. തൊഴിൽ തേടുന്നവരുടെ സംഖ്യ ഇപ്പോൾ മുപ്പത് ലക്ഷത്തിലൊതുങ്ങിയതും അതുകൊണ്ടാകാം.

സർക്കാർ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകൾ കൂ‌ടാതെ സ്വകാര്യ മേഖലയിലും ധാരാളം സ്ഥാപനങ്ങൾ തൊഴിലന്വേഷകരെ സഹായിക്കാനായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ കാര്യങ്ങൾ വളരെ വേഗത്തിൽ നടക്കുമെന്ന പ്രത്യേകതയുമുണ്ട്. തൊഴിലന്വേഷകരെ ചൂഷണം ചെയ്യുന്നവയും കൂട്ടത്തിലുണ്ടെന്നത് മറക്കരുത്. മാസം കൃത്യമായി ശമ്പളം ലഭിക്കുന്ന എന്തെങ്കിലും ജോലി ഇന്നത്തെ കാലത്ത് അത്ര പ്രയാസമുള്ളതല്ല. ചെറുകിട സ്ഥാപനങ്ങളുടെ കടന്നുവരവ് തൊഴിൽ സാദ്ധ്യത ഏറെ വർദ്ധിപ്പിച്ചിട്ടുണ്ട്. അതുപോലെ വൻകിട വ്യാപാര കേന്ദ്രങ്ങളുടെ കടന്നുവരവ് നല്ല രീതിയിൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. സർക്കാർ ഓഫീസുകളിലെ വെള്ളക്കോളർ ജോലി മാത്രം അന്വേഷിച്ചുപോകുന്നവരാണ് അതു ലഭിക്കാതെ ഹതാശരാകുന്നത് . എന്തു ജോലിയും ചെയ്യാൻ സന്നദ്ധതയും മനസുമുള്ളവർക്ക് ഇന്നത്തെ കാലത്ത് തൊഴിൽ കണ്ടുപിടിക്കാൻ പണ്ടത്തെയത്ര ബുദ്ധിമുട്ടില്ല. എംപ്ലോയ്മെന്റ് എക്ചേഞ്ചുകളുടെ പ്രസക്തി തന്നെ കുറയ്ക്കുന്നതാണ് രാജ്യത്തെ നിലവിലുള്ള തൊഴിൽ വിപണി.