ഷാരൂഖും സൽമാനും പുകവലിക്ക് അടിമകൾ,​ ബോളിവുഡ് താരങ്ങളുടെ ദുശ്ശീലത്തിനുപിന്നിൽ ആരും അറിയാത്ത ഒരു കാര്യമുണ്ട്

Friday 24 January 2025 11:42 AM IST

ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന താരമാണ് ഷാരുഖ് ഖാൻ. വിദേശരാജ്യങ്ങളിൽ പോലും ലക്ഷക്കണക്കിന് ആരാധകരുളള താരം തന്നെ തന്റെ പുകവലി ശീലത്തെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു ദിവസം താൻ 100 സിഗറ​റ്റുകളെങ്കിലും വലിക്കാറുണ്ടെന്നായിരുന്നു ഷാരുഖ് ഖാന്റെ വെളിപ്പെടുത്തൽ. ഈ ശീലം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും പലരും മുന്നറിയിപ്പ് നൽകിയിരുന്നു. പലതരം ആശങ്കകൾ ഉയർന്നതോടെ ഷാരുഖ് ഖാൻ തന്റെ 59-ാം പിറന്നാൾ ആഘോഷവേളയിൽ പുകവലി പൂർണമായും ഉപേക്ഷിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു.

നിരന്തരമായി പുകവലിച്ചതോടെ പലതരത്തിലുളള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ആ രോഗങ്ങളിൽ സാവധാനം ഭേദപ്പെടുന്നതായും ഷാരൂഖ് ഖാൻ തന്നെ ആരാധകരോട് പറഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാനെ പോലെ കടുത്ത പുകവലി ശീലമുളള മ​റ്റൊരു ബോളിവുഡ് നടനാണ് സൽമാൻ ഖാൻ. വർഷങ്ങൾക്ക് മുൻപ് സൽമാൻ ഖാന് ട്രൈജെമിനൽ ന്യൂറൽഗിയ (മുഖത്ത് കടുത്ത വേദനയുണ്ടാക്കുന്ന അവസ്ഥ)​പിടിപെട്ടിരുന്നു. ഇതോടെ ചികിത്സയുടെ ഭാഗമായി 2012ൽ സൽമാൻ ഖാൻ പുകവലി പൂർണമായും ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. മദ്യപാനവും ഉപേക്ഷിച്ചിരുന്നു.

എന്നാൽ അടുത്തിടെ ചില ഷൂട്ടിംഗ് സെ​റ്റുകളിലും പൊതുസ്ഥലങ്ങളിലും സൽമാൻ ഖാൻ പുകവലിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പ്രിയതാരം വീണ്ടും പുകവലി ആരംഭിച്ചോയെന്ന് ചില ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആശങ്ക പങ്കിട്ടിരുന്നു. ഷാരൂഖ് ഖാനും സൽമാൻ ഖാനും നിക്കോട്ടിനോട് കടുത്ത ആസക്തി ഉളളതുകൊണ്ടാണ് ഈ ശീലം ഉണ്ടായത്. നിക്കോട്ടിൻ തലച്ചോറിലെ ആനന്ദകേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുകയും ഇതോടെ താരങ്ങൾക്ക് കൂടുതൽ സന്തോഷവും ഉണ്ടാകുമായിരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ടാണ് സ്വന്തം ആരോഗ്യം മറന്നിട്ട് താരങ്ങൾ കടുത്ത പുകവലി ശീലമുളളവരായി മാറിയത്.