പ്രതിയെ കുടഞ്ഞ് സുപ്രീംകോടതി, സ്ത്രീധനത്തിന് ഭാര്യയെ തല്ലുന്നവനെ കോടതിയിൽ കയറ്റാൻ കൊള്ളില്ല
ന്യൂഡൽഹി : സ്ത്രീധനം ചോദിച്ച് ഭാര്യയ്ക്ക് നിത്യവും അടി. ഗർഭപാത്രം നിർബന്ധിച്ച് നീക്കം ചെയ്യിപ്പിച്ചു. എന്നിട്ട് മറ്റൊരു പെണ്ണുകെട്ടി. ദിവസം മുഴുവൻ പൂജയും ജപവുമാണ്. എന്നിട്ടാണ് ഈ പരിപാടികൾ. ഇത്രയും ക്രൂരനായ ഒരാളെ കോടതിയിൽ എങ്ങനെ കയറ്രാൻ കഴിയും.
ജാർഖണ്ഡിൽ നിന്നുള്ള സ്ത്രീധന പീഡനക്കേസ് പ്രതി യോഗേശ്വർ സാവോയ്ക്കാണ് സുപ്രീംകോടതിയുടെ രൂക്ഷ ശകാരം. കീഴ്ക്കോടതി വിധിച്ച തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇയാളുടെ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരുടെ ബെഞ്ച്.
പെൺമക്കളെ കുറിച്ച് ഒരു ചിന്തയുമില്ലാത്തയാളുമാണ് പ്രതിയെന്ന് കോടതി നിരീക്ഷിച്ചു. തന്റെ കൃഷിഭൂമി രണ്ട് പെൺമക്കൾക്കായി എഴുതികൊടുക്കാമെന്ന് ഉറപ്പു നൽകിയാൽ എന്തെങ്കിലും അനുകൂല ഉത്തരവ് നൽകാമെന്നും പറഞ്ഞു. നിലപാട് അറിയിക്കാൻ സമയം നൽകിയിരിക്കുകയാണ്.
50,000 രൂപ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നെന്ന ഭാര്യയുടെ പരാതിയിൽ 2015ലാണ് വിചാരണക്കോടതി രണ്ടര വർഷം തടവിന് ശിക്ഷിച്ചത്. 11 മാസം ജയിലിൽ കഴിഞ്ഞു. ഇതിനിടെ ജാർഖണ്ഡ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചു. ശിക്ഷ ഒന്നരവർഷമാക്കി കുറച്ചു. ഒരു ലക്ഷം പിഴയുമിട്ടു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.