ആയുധ നിർമ്മാണ ഫാക്ടറിയിൽ സ്‌ഫോടനം: 8 മരണം

Saturday 25 January 2025 1:59 AM IST

നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ആയുധ നിർമ്മാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ട് മരണം. തൊഴിലാളികളാണ് മരിച്ചത്.  ഏഴോളം പേർക്ക് ഗുരുതര പരിക്കേറ്റു. എട്ട് മരണം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സ്ഥിരീകരിച്ചു.

ഭണ്ഡാര ജില്ലയിലുള്ള ഫാക്ടറിയിൽ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. എൽ.ടി.പി സെക്ഷനിലാണ് അപകടമുണ്ടായത്. ആർ.ഡി.എക്‌സ് ഉത്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ സംസ്‌കരിക്കുന്ന സെക്ഷനാണിത്.


സ്‌ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാർക്ക് മേലെ പതിച്ചു. ആദ്യം മൂന്നു പേരെ രക്ഷിച്ചെങ്കിലും പിന്നീട് ഒരാൾ മരിച്ചു. എക്സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തത്. കലക്ടറും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി.

വലിയ സ്‌ഫോടനമാണുണ്ടായതെന്ന് സമീപവാസികളും പ്രതികരിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരം വരെ സ്‌ഫോടന ശബ്ദം കേട്ടു, കറുത്ത പുക ഉയരുന്നത് കണ്ടതായി സമീപവാസികൾ പറഞ്ഞു. സ്‌ഫോടനസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റവർ നാഗ്പൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.