''പൊതുവേദിയിൽ വിഎസിന്റെ കണ്‌ഠം ഇടറിയിട്ടുണ്ടെങ്കിൽ, അതൊരിക്കലേയുള്ളൂ''

Saturday 25 January 2025 2:06 PM IST

വി.എസ് അച്ചുതാനന്ദൻ പൊതുവേദിയിൽ വികാരാധീനനായിട്ടുണ്ടെങ്കിൽ അതൊരിക്കൽ മാത്രമായിരുന്നുവെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ. സിപിഎമ്മിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ എൻ. ശ്രീധരന്റെ അപകടമരണത്തെ തുടർന്നായിരുന്നു അതെന്നാണ് ജോൺ പറയുന്നത്.

1985ൽ കൊല്ലത്ത് എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനം നടക്കുന്ന സമയം. കേരളം കണ്ട ഏറ്റവും വലിയ റാലി നടത്തുക എന്നതാണ് ഭാരവാഹികളുടെ ലക്ഷ്യം. സ്ഥലത്ത് നടന്ന ചില രാഷ്‌ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. സംഘർഷം ഏതു നിമിഷവും ഉണ്ടാകാം എന്ന അവസ്ഥ. എം.വി രാഘവൻ അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.

എൻ.എസ് വിളിച്ചിട്ടാണ് എം.വി.ആർ എത്തിയത്. സിപിഎമ്മിന്റെ കൃഷ്‌ണപിള്ളയായിരുന്നു എൻ.ശ്രീധരൻ. എംവിആറും എൻ.എസും ഒരുമിച്ചുള്ള കാർ യാത്രയിലാണ് അപകടമുണ്ടായി എൻ.എസ് മരിക്കുന്നത്. ഞങ്ങളുടെയൊക്കെ രാഷ്‌ട്രീയ പിതാവാണ് അന്ന് അവിടെ മരിച്ചത്.

അന്ന് നടത്തിയ പ്രസംഗത്തിൽ വി.എസ് അച്ചുതാനന്ദൻ വികാരഭരിതനായി. പൊതുവേദിയിൽ എപ്പോഴെങ്കിലും വിഎസിന്റെ കണ്‌ഠം ഇടറിയിട്ടുണ്ടെങ്കിൽ അന്ന് മാത്രമായിരുന്നു. എൻ. ശ്രീധരൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് നോ പറയാൻ ആർക്കും കഴിയില്ലായിരുന്നു.