നഗര സൗന്ദര്യവത്കരണം : ജനകീയ പദ്ധതി നടപ്പാക്കും
കോട്ടയം: ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും കളക്ടറുടെ നേതൃത്വത്തിൽ ജനകീയ പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി നഗരസഭാദ്ധ്യക്ഷരുടെയും വ്യാപാരിവ്യവസായി സംഘടന പ്രതിനിധികളുടെയും ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം നടന്നു. നഗരസഭാ പ്രദേശങ്ങളെ ആദ്യഘട്ടത്തിൽ മനോഹരമാക്കും. പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളിൽനിന്ന് പദ്ധതിക്ക് പേരിടുന്നതിനായി എൻട്രികൾ സ്വീകരിക്കും.
പൂന്തോട്ടമൊരുക്കും
മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിൽ പൂന്തോട്ടങ്ങളൊരുക്കാനാണ് തീരുമാനം. പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മനോഹരമാക്കാനും നടപടി സ്വീകരിക്കും. മാർച്ചിൽ എല്ലായിടത്തും ഒരേദിവസം പദ്ധതി തുടങ്ങുകയാണ് ലക്ഷ്യം. ഓരോ നഗരസഭാ പരിധിയിലും വരുന്ന പ്രധാന റോഡുകൾ, പുഴകൾ, കുളങ്ങൾ, പ്രധാന നഗരകേന്ദ്രങ്ങൾ, മീഡിയനുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ സംബന്ധിച്ച കണക്കുകൾ തയ്യാറാക്കി നൽകാൻ കളക്ടർ നഗരസഭാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.