എ.ഡി.ജി.പി പി.വിജയന് വിശിഷ്ട സേവാ മെഡൽ, ഫയർഫോഴ്സിലെ 2 പേർക്കും ബഹുമതി

Sunday 26 January 2025 4:41 AM IST

കേരളത്തിൽ നിന്ന് 23 പേർക്ക് അംഗീകാരം

ന്യൂഡൽഹി: പൊലീസ് സേനയിൽ കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ഇന്റലിജൻസ് മേധാവിയും എ.ഡി.ജി.പിയുമായ പി.വിജയന്. അഗ്‌നിശമന സേനാ വിഭാഗത്തിൽ നിന്ന് പരവൂർ ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദനൻ നായർ.ജി, കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ രാജേന്ദ്രൻ പിള്ള എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു.

സ്തുത്യർഹ സേവനത്തിന് പൊലീസ് സേനയിലെ പത്തുപേർക്കും അഗ്‌നിശമന സേന,​ ജയിൽ വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് അഞ്ചുപേർക്ക് വീതവും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. സംസ്ഥാനത്തു നിന്ന് ആകെ 23 പേർക്കാണ് അംഗീകാരം.

പൊലീസ് സേനയിൽ നിന്ന് മലയാളികളായ ബിന്ദു ശേഖർ (ജോ. ഡയറക്‌ടർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം), എ.ബാലകൃഷ്‌ണൻ(അസി. സബ്ഇൻസ‌്‌പെക്‌ടർ, സി.ബി.ഐ, ഗോവ) എന്നിവർക്കും വിശിഷ്‌ട സേവാ മെഡൽ ലഭിച്ചു. വിവിധ സേനകളിലെ മലയാളികളായ അഞ്ചുപേർ സ്തുത്യർഹ്യ സേവനത്തിനുള്ള മെഡലിനും അർഹരായി.