പെട്ടിയും പറയും അപ്രത്യക്ഷമാകുന്നു, കോൾനിലങ്ങളിൽ പമ്പ് സ്ഥാപിക്കുന്നത് അവസാനഘട്ടത്തിൽ

Sunday 26 January 2025 12:36 AM IST

തൃശൂർ: ജില്ലയിലെ കോൾ മേഖലയിൽ പരമ്പരാഗത ജലസേചന മാർഗമായ പെട്ടിയും പറയും മാറ്റി കൊണ്ടുവന്ന സബ്‌മേഴ്‌സിബിൾ പമ്പുകൾ സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലേക്ക് . നിലവിൽ എൻപത് ശതമാനത്തിലേറെ പാടശേഖരങ്ങളിൽ പമ്പു സെറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. പാടശേഖരങ്ങളിൽ വെള്ളം വറ്റിക്കുന്നത് കീറാമുട്ടിയായിരുന്നു. ഇത് കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടർന്ന് മുൻ കൃഷി മന്ത്രി വി.എസ്.സുനിൽ കുമാറിന്റെ ശ്രമഫലമായാണ് കെ.എൽ.ഡി.സി വഴി പദ്ധതി നടപ്പാക്കി തുടങ്ങിയത്. പെട്ടിയും പറയും ഉപയോഗിച്ച് 15 ദിവസം കൊണ്ട് വെള്ളം വറ്റിക്കുന്നത് സബ്‌മേഴ്‌സിബിൾ പമ്പുകളിലൂടെ മൂന്നു ദിവസം കൊണ്ട് സധിക്കുമെന്നതാണ് പ്രധാന നേട്ടം. ഇതിനു പുറമേ വൈദ്യുതി ലാഭവും ഏറെയാണ്. അടിസ്ഥാന സൗകര്യം ഒരുക്കുന്നത് കെ.എൽ.ഡി.സിയും മോട്ടോറുകൾ സ്ഥാപിക്കുന്നത് കൃഷി വകുപ്പുമാണ്. ജില്ലയിൽ രജിസ്റ്റർ ചെയ്ത പാടശേഖരങ്ങൾക്ക് പുറമേ സ്വതന്ത്രമായി പാടശേഖര സമിതികളും ഉണ്ട്.

ആകെ അനുവദിച്ചത് 298 കോടി

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനം. ഇതിൽ 235 കോടി രൂപയാണ് കെ.എൽ.ഡി.സി അനുവദിച്ചിരിക്കുന്നത്. പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനുള്ള തറ, വൈദ്യുതി കണക്ഷന് ആവശ്യമായ സജ്ജീകരണങ്ങൾ എന്നിവയെല്ലാം ഒരുക്കുന്നതും കെ.എൽ.ഡി.സിയാണ്. രണ്ട് ഘട്ടങ്ങളിലായാണ് പ്രവർത്തനം. ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ട 187 എണ്ണത്തിൽ 140 എണ്ണവും രണ്ടാംഘട്ടത്തിൽ 43 എണ്ണത്തിൽ 22 എണ്ണവും പൂർത്തിയായി.

സബ്‌മേഴ്‌സിബിൾ പമ്പുകൾ

ആദ്യഘട്ടം ലക്ഷ്യമിട്ടത് - 187 എണ്ണം മോട്ടോറുകൾ സ്ഥാപിച്ചത് - 148

രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിട്ടത് - 43 സ്ഥാപിച്ചത് - 22

ജില്ലയിലെ കോൾ വിസ്തൃതി - 30000 ഏക്കർ രജിസ്റ്റർ ചെയ്ത പാടശേഖരങ്ങൾ 156

കർഷകരെ സംബന്ധിച്ച് ഏറെ ഉപകാരപ്രദമാണ് സബ്‌മേഴ്‌സിബിൾ പമ്പുകൾ. കോൾ നിലങ്ങളിൽ രണ്ടു പൂവ് കൃഷിയിറക്കി ഉത്പാദനം വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഇതിനു പുറമേ വൈദ്യുതി ലാഭവും ഏറെയാണ്. -വി.എസ്.സുനിൽകുമാർ,

മുൻ കൃഷി മന്ത്രി