ഗാസ വെടിനിറുത്തൽ: നാല് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്

Sunday 26 January 2025 6:34 AM IST

 200 പാലസ്തീനിയൻ തടവുകാരെ വിട്ടയച്ചു

ടെൽ അവീവ്: ഗാസ വെടിനിറുത്തലിന്റെ ഭാഗമായി ബന്ദികളാക്കപ്പെട്ട നാല് വനിതാ ഇസ്രയേലി സൈനികരെ കൂടി മോചിപ്പിച്ച് ഹമാസ്. കരീന അരിയേവ് (20), ഡാനിയേല ഗിൽബോവ (20), നാമ ലീവൈ (20), ലിറി അൽബാഗ് (19) എന്നിവർക്കാണ് മോചനം. പ്രാദേശിക സമയം ഇന്നലെ രാവിലെ ഗാസ സിറ്റിയിൽ വച്ച് റെഡ് ക്രോസിന് ഇവരെ കൈമാറി. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ജനക്കൂട്ടത്തിന് മദ്ധ്യത്തിലായിരുന്നു കൈമാറ്റം.

ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങിയ ഇവരെ ടെൽ അവീവിലെ ഷേബാ മെഡിക്കൽ സെന്ററിലെത്തിച്ചു. ഗാസ അതിർത്തിയിലെ ഒബ്‌സർവേഷൻ പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവരെ 2023 ഒക്ടോബർ 7ലെ ഭീകരാക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. 200 പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു. അർബൽ യഹൂദ് (29) എന്ന യുവതിയെ ഇന്നലെ മോചിപ്പിക്കേണ്ടതായിരുന്നെങ്കിലും അവസാന നിമിഷം ഹമാസ് ഒഴിവാക്കി. കാരണം വ്യക്തമാക്കിയിട്ടില്ല. ഇത്

ഹമാസിന്റേത് കരാർ ലംഘനമാണെന്ന് ഇസ്രയേൽ ആരോപിച്ചു. അർബലിനെ മോചിപ്പിക്കാതെ ഗാസയിലെ പാലസ്തീനികളെ വടക്കൻ പ്രദേശങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അർബൽ ജീവനോടെയുണ്ടെന്നും അടുത്ത ശനിയാഴ്ച മോചിപ്പിക്കുമെന്നും ഹമാസ് അറിയിച്ചു.

# ആദ്യം മൂന്ന് പേർ

 19ന് ഗാസയിൽ ഒന്നാം ഘട്ട വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള രണ്ടാമത്തെ മോചനമാണിത്. ആദ്യം മൂന്ന് യുവതികളെ മോചിപ്പിച്ചു

 ഇസ്രയേൽ നേരത്തെ 90 പാലസ്തീനികളെ വിട്ടയച്ചിരുന്നു

 ആറ് ആഴ്ച നീളുന്ന വെടിനിറുത്തലിനിടെ 33 ബന്ദികളെ വിട്ടയയ്ക്കുമെന്നാണ് ഹമാസ് ധാരണ

 ചർച്ചകൾ വിജയിച്ചാൽ രണ്ടാം ഘട്ട വെടിനിറുത്തലിലേക്ക് കടക്കും

-----------

 സേനാ പിന്മാറ്റം ഇസ്രയേൽ വൈകിപ്പിക്കുന്നു: ലെബനൻ

ബെയ്റൂട്ട്: തെക്കൻ ലെബനനിൽ നിന്നുള്ള സേനാ പിന്മാറ്റത്തിൽ ഇസ്രയേൽ കാലതാമസം വരുത്തുന്നെന്ന് ലെബനീസ് സൈന്യം. ഹിസ്ബുള്ളയുമായുള്ള വെടിനിറുത്തലിന്റെ 60 -ാം ദിനമായ ഇന്ന് ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്ന് പൂർണമായി പിന്മാറമെന്നായിരുന്നു വ്യവസ്ഥ.

എന്നാൽ,​ പിന്മാറ്റം ഇന്ന് പൂർത്തിയാകില്ലെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ലെബനീസ് സൈന്യം നിബന്ധനകൾ പൂർത്തിയാക്കിയില്ലെന്നും മദ്ധ്യസ്ഥ രാജ്യമായ യു.എസിന്റെ ഏകോപനത്തോടെ പിന്മാറ്റം തുടരുമെന്നുമാണ് ഇസ്രയേൽ വാദം.