മാതാപിതാക്കളെ പുറത്തു നിറുത്തി 17കാരിയെ പീഡിപ്പിച്ചു, അടൂരിലെ കൂട്ടമാനംഭംഗ കേസിൽ മന്ത്രവാദി അറസ്റ്റിൽ
പത്തനംതിട്ട : അടൂരിൽ പ്ലസ് 2 വിദ്യാർത്ഥിനിയെ 9 പേർ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമനാണ് (62) നൂറനാട് പൊലീസിന്റെ പിടിയിലായത്. കേസിൽ നാലുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്ക് പുറത്തുനിറുത്തിയായിരുന്നു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
സ്കൂളിൽ ശിശുക്ഷേമ സമിതി നടത്തിയ കൗൺസലിംഗിലാണ് ആറുവർഷമായി നേരിട്ട പീഡനത്തെ കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയെ ആദ്യം ലൈംഗിക ചൂഷണത്തിനിരയാക്കിയത് ഇപ്പോൾ അറസ്റ്റിലായ മന്ത്രവാദിയാണെന്ന വിവരവും പുറത്തുവന്നു. പിന്നീടുള്ള വർഷങ്ങളിൽ സഹപാഠി ഉൾപ്പെടെ എട്ടുപേർ കൂടി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. തന്റെ നഗ്നദൃശ്യങ്ങൾ സഹപാഠി പ്രചരിപ്പിച്ചുവെന്നും പെൺകുട്ടി പറയുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ഡബ്ല്യു.സിയും സ്കൂ( അധികൃതരും ഇടപെട്ടാണ് സംഭവം പൊലീസിൽ അറിയിച്ചത്.