അച്ഛൻ കൃഷ്ണഭക്തൻ,​ ബന്ധുക്കൾ അയ്യപ്പഭക്തർ; ആരുടെയും വിശ്വാസത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ

Sunday 25 August 2019 9:27 PM IST

കണ്ണൂർ∙തന്റെ ബന്ധുക്കൾ പലരും ശബരിമലയിലും ഗുരുവായൂരും പോകുന്നവരാണെന്നും ഒരിക്കലും ഒരാളുടെയും വിശ്വാസത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി ഇ.പി.ജയരാജൻ.

അച്ഛൻ എല്ലാമാസവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തിലാണു ജനിച്ചു വളർന്നത്. ശബരിമലയുടെ പേരിൽ എത്രമാത്രം കുറ്റം കേൾക്കേണ്ടി വന്നു. എന്തു തെറ്റാണു തങ്ങൾ ചെയ്തതെന്നും മന്ത്രി ചോദിച്ചു. സുപ്രീം കോടതി വിധി ലംഘിക്കാൻ ആർക്കും കഴിയില്ല. തങ്ങൾക്കും അതേ ചെയ്യാൻ സാധിക്കൂ. ഒരു പാട് തെറി കേട്ടു. തിരഞ്ഞെടുപ്പിൽ തോൽപിച്ചു. ആരാധനാലയങ്ങളുടെ സംരക്ഷണത്തിനു വേണ്ടി കഴിയുന്നതെല്ലാം ചെയ്തു കൊടുക്കുന്നവരാണ് സി.പി.എമ്മെന്നും ജയരാജൻ പറഞ്ഞു.

കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം ധനസമാഹരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം