അവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം

Wednesday 29 January 2025 3:24 AM IST

പൊലീസിന്റെ ഭാഗത്തുണ്ടായ തികഞ്ഞ അനാസ്ഥയും വീഴ്ചയുമാണ് നെന്മാറയിൽ രണ്ടുപേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയത്. പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ തിങ്കളാഴ്ച രാവിലെ വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത് ജാമ്യവ്യവസ്ഥ ലംഘിച്ച് നാട്ടിൽ കഴിഞ്ഞിരുന്ന അയൽവാസിയാണ്. ലക്ഷ്മി (78), സുധാകരൻ (56) എന്നിവരാണ് കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റു മരിച്ചത്. കൊല നടത്തിയ ചെന്താമര അഞ്ചുവർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ഇയാളുടെ ഭാര്യ പിണങ്ങിപ്പിരിഞ്ഞു പോകാൻ കാരണം അയൽക്കാരിയായ സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് ആദ്യത്തെ കൊലപാതകം നടത്തിയത്. നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഇയാൾക്ക് പാലക്കാട് അഡിഷണൽ സെഷൻസ് കോടതി ജാമ്യം നൽകിയത്. അയാൾ ജാമ്യവ്യവസ്ഥ ലംഘിച്ച് നെന്മാറ പഞ്ചായത്തിൽ കഴിഞ്ഞുകൊണ്ട് സുധാകരനെയും കുടുംബത്തെയും ഇല്ലായ്‌മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബവും നാട്ടുകാരും നെന്മാറ പോത്തുണ്ടി പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും യാതൊരു നടപടിയുമെടുക്കാത്ത പൊലീസാണ് ഈ കൊലപാതകത്തിന് സാഹചര്യം സൃഷ്ടിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇയാളുടെ ജാമ്യം റദ്ദാക്കപ്പെടുമായിരുന്നു. പൊലീസ് അതു ചെയ്തില്ലെന്നു മാത്രമല്ല, ഇയാളെ വിളിച്ചുവരുത്തി സ്റ്റേഷന്റെ മുറ്റത്തു നിറുത്തി താക്കീതു നൽകി വിടുകയായിരുന്നു. ''എന്റെ അമ്മയെ കൊന്ന അയാൾ അച്ഛനെയും അച്ഛമ്മയെയും കൊലപ്പെടുത്തി. ഇനി എന്നെയും കൊല്ലട്ടെ. നാലുവർഷം ജയിലിൽ കിടത്തി നന്നായി ഭക്ഷണം നൽകി വിട്ടയച്ചില്ലേ?​"" സുധാകരന്റെ മകൾ അഖിലയുടെ ഈ ചോദ്യം സമൂഹ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. പ്രതിയെ ഭയന്ന് മറ്റൊരു വീട്ടിലായിരുന്നു ഒരു മാസമായി അഖില താമസിച്ചിരുന്നത്.

ഈ കുടുംബത്തിന്റെ പരാതിയിൽ തക്ക സമയത്ത് നടപടിയെടുക്കാതിരുന്നത് ആരൊക്കെയാണോ,​ അവർ പൊലീസ് സേനയിൽ ഇനി ഒരുനിമിഷം പോലും തുടരാൻ അർഹരല്ല. ഇത്തരം സംഭവങ്ങളിൽ കടുത്ത നടപടി ആഭ്യന്തര വകുപ്പ് സ്വീകരിക്കാതിരുന്നാൽ നാട്ടിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പറയാനാകില്ല. ഒറ്റപ്പെട്ടവയാണെങ്കിലും മുമ്പൊന്നും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ക്രൂരമായ സംഭവങ്ങളാണ് ഇപ്പോൾ നാട്ടിൽ നടക്കുന്നത്. എറണാകുളം ചേന്ദമംഗലത്ത് മൂന്നുപേരെ അയൽവാസി വീട്ടിൽക്കയറി അടിച്ചുകൊന്ന സംഭവം കഴിഞ്ഞിട്ട് അധിക ദിവസമായിട്ടില്ല. പ്രതി ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. ലഹരിക്കടിമയായാൽ എന്തും ചെയ്യാമെന്നാണോ? അക്രമം കാണിച്ചാൽ പൊലീസ് വിടില്ല എന്ന പേടി മുമ്പൊക്കെ ആളുകൾക്കുണ്ടായിരുന്നു. ഇപ്പോഴാകട്ടെ,​ പരാതിപ്പെട്ടാലും നടപടിയെടുക്കാത്ത പൊലീസാണ് ഉള്ളതെന്ന് മനസിലാക്കപ്പെടുന്നതാണ് ഇത്തരം ക്രൂരമായ പ്രവൃത്തികൾ ചെയ്യാൻ പലർക്കും ധൈര്യം നൽകുന്നത്.

ക്രമസമാധാന പാലനത്തിൽ സംഭവിക്കുന്ന വീഴ്ചയാണ് ഇതിനൊക്കെ ഇടയാക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ തന്നെ ആർക്കും ബോദ്ധ്യപ്പെടും. അഴിമതിയും സ്വാധീനവുമൊക്കെ പൊലീസിനെ വിഴുങ്ങിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഈ രീതിയിലൊക്കെയാണ് സമൂഹത്തിൽ പ്രതിഫലിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ നാട്ടിലെ പൊതുപ്രവർത്തകരും ജാഗരൂകരായി ഇടപെടലുകൾ നടത്തേണ്ടതുണ്ട്. സമൂഹ മാദ്ധ്യമങ്ങളുടെ ദുരുപയോഗവും രാസലഹരിയുടെ വ്യാപനവും കൂടിവരുന്നത് പല കുറ്റകൃത്യങ്ങൾക്കും പ്രേരണയായി മാറുന്നുണ്ട്. കൊലക്കേസ് പ്രതികൾക്കും മറ്റും ജാമ്യം അനുവദിക്കുന്നതിന് കൂടുതൽ ഉപാധികൾ ഏർപ്പെടുത്തേണ്ടിയുമിരിക്കുന്നു. ഇത്തരം അരും കൊലകൾ ഇനിയെങ്കിലും ആവർത്തിക്കപ്പെടാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാനാവും എന്നതിനെക്കുറിച്ച് സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ടതാണ്. അതോടൊപ്പം,​ നെന്മാറയിൽ അനാഥരായ അഖിലയുടെയും അതുല്യയുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയും വേണം.