പാവാടയ്ക്കും കീറിയ വസ്ത്രങ്ങൾക്കും നിരോധനം; ഡ്രസ് കോഡ് നടപ്പിലാക്കി സിദ്ധിവിനായക ക്ഷേത്രം

Wednesday 29 January 2025 9:56 AM IST

മുംബയ്: ഭക്തർക്ക് ഡ്രസ് കോഡുമായി മുംബയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം. കഴിഞ്ഞ ദിവസമാണ് ക്ഷേത്ര ഭാരവാഹികൾ ഇതുസംബന്ധിച്ച നിർദേശം പുറത്തിറക്കിയത്. അടുത്ത ആഴ്ച മുതൽ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തുമ്പോൾ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച് വ്യക്തമായി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മുട്ടിന് മുകളിൽ നിൽക്കുന്ന പാവാടകൾക്ക് വിലക്കുണ്ട്. ശരീരം പൂർണമായും മറയ്ക്കുന്ന വസ്ത്രമാണ് ധരിക്കേണ്ടതെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഉചിതമല്ലാത്ത വസ്ത്രം ധരിച്ച് വരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

മാന്യമല്ലാത്ത വസ്ത്രം ധരിച്ച് വരുന്നവർ മറ്റ് ഭക്തജനങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാലാണ് ഇത്തരമൊരു ഡ്രസ് കോഡ് കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് ട്രസ്റ്റ് അറിയിച്ചു. ചെറിയ പാവാടകൾ മാത്രമല്ല കീറിയ ഡിസെെനുള്ള വസ്ത്രങ്ങളും ക്ഷേത്രത്തിനുള്ളിൽ ധരിക്കുന്നതിന് നിരോധനമുണ്ട്.

'ദിവസവും രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഭക്തരാണ് സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തുന്നത്. എന്നാൽ പല ഭക്തരും ഇത്തരം വസ്ത്രം ധരിക്കുന്നതിലൂടെ ക്ഷേത്രത്തോട് അനാദരവ് കാണിക്കുകയാണ്. ആവർത്തിച്ചുള്ള മറ്റ് ഭക്തരുടെ അഭ്യർത്ഥനകൾ സ്വീകരിച്ച ശേഷമാണ് ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ഇത്തരമൊരു നിബന്ധന നടപ്പിലാക്കാൻ തീരുമാനിച്ചത്. എല്ലാ ഭക്തരും ക്ഷേത്രപരിസരത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കണം',- ട്രസ്റ്റ് അറിയിച്ചു.