'ആയിഷയ്ക്ക്  ഇതെന്തുപറ്റി'; ഇഷ  തൽവാറിന്റെ പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകർ

Wednesday 29 January 2025 12:12 PM IST

മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ട നടിയാണ് ഇഷ തൽവാർ. 'തട്ടത്തിൻ മറയത്ത്' എന്ന സിനിമയിലെ ആയിഷയായി എത്തിയ ഇഷയെ അത്രപെട്ടന്ന് ആരും മറക്കില്ല. നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് 2012ലാണ് പുറത്തിറങ്ങിയത്. വൻ ഹിറ്റായ ഈ സിനിമയ്ക്ക് ശേഷവും ഇഷ മറ്റ് കുറച്ച് മലയാള സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നാൽ ഇവയിൽ കാര്യമായി നടി ശ്രദ്ധിക്കപ്പെട്ടില്ല.

മുംബയിൽ അറിയപ്പെടുന്ന മോഡലായിരിക്കെയാണ് ഇഷ സിനിമയിൽ അഭിനയിച്ചത്. മലയാളത്തിൽ അധികമായി ഇല്ലെങ്കിലും മറ്റ് ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. മോഡലിംഗിലും പരസ്യചിത്രങ്ങളിലും താരം സജീവയാണ്. ഇപ്പോഴിതാ ഇഷയുടെ പുതിയ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കോൾഡ്പ്ലേ കൺസേർട്ടിനെത്തിയപ്പോൾ ഉള്ള വീഡിയോയാണ് ഇത്. ഒരു റിപ്പോർട്ടറോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ കമന്റുകളുമായി മലയാളികൾ രംഗത്തെത്തി. തട്ടത്തിൽ മറയത്തിലെ ആയിഷ തന്നെയാണോ ഇതെന്നാണ് പലരുടെയും ചോദ്യം. വീഡിയോയിൽ ചിലർ നിവിൻ പോളിയെയും വിനീത് ശ്രീനിവാസനെയും ടാഗ് ചെയ്യുന്നുമുണ്ട്.

'തട്ടത്തിൻ മറയത്തിൽ കണ്ട ആയിഷ ആണോ ഇത്?', 'ആയിഷയ്ക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ലെന്ന് തോന്നുന്നു', ഇത് എന്റെ ആയിഷ അല്ല, എന്റെ ആയിഷ ഇങ്ങനെയല്ല'. 'ഞങ്ങളോട് ഇത് വേണമായിരുന്നോ', 'ആയിഷയ്ക്ക് ഇത് എന്തുപറ്റി' തുടങ്ങിയ നിരവധി കമന്റുകളാണ് വരുന്നത്. 2022ൽ പുറത്തിറങ്ങിയ 'തീർപ്പ്' ആണ് ഇഷ അഭിനയിച്ച് റിലീസ് ചെയ്ത അവസാന മലയാള സിനിമ.