രാഷ്‌ട്രീയക്കാരെക്കാളും മനോഹരമായി ഈ മൂന്ന് പെൺകുട്ടികൾ സംസാരിക്കുന്നു, യുവനടികളെ ചൂണ്ടിക്കാട്ടി സുരേഷ് ഗോപി

Wednesday 29 January 2025 12:48 PM IST

'അമ്മ'യുടെ അടുത്ത ജനറൽ ബോഡിയിൽ രാജിവച്ച് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവന്ന് സ്ഥിരം കമ്മിറ്റി അംഗങ്ങളാക്കി മാറ്റണമെന്ന് സുരേഷ് ഗോപി. താരസംഘടന തുടക്കം കുറിച്ച സഞ്ജീവനി ജീവൻ രക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

അടുത്ത ജനറൽ ബോഡിയിൽ ആ മിടുക്ക് എല്ലാവരും കാണിക്കണം. അമ്മ എന്ന സംഘടന മുന്നോട്ട് കൊണ്ടുപോകണം. മമ്മൂക്ക അടക്കമുള്ള ആൾക്കാരെ കൂടെ പുതുതായി ചേർക്കണമെങ്കിൽ അത്, ചെയ്യണം. ഒരുത്തനും ചോദ്യം ചെയ്യാത്തതരത്തിലുള്ള ശക്തമായ ഭരണനിര അത്യാവശ്യമാണ്. വീഴ്‌ചകൾ സംഭവിച്ചിട്ടില്ലാത്ത ഒരാളുമില്ല.

അമ്മയ‌്ക്ക് പ്രത്യേകമായി ഒരു കൊടി വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. സ്വർണക്കൊടിയാണ് വേണ്ടത്. അതിൽ എണ്ണിത്തീരാൻ പറ്റാത്തത്ര വെള്ളി നക്ഷത്രങ്ങളും വേണം. അത്തരത്തിലായിരിക്കണം അതിന്റെ ഡിസൈൻ. ഈ ആഗ്രഹം താൻ മോഹൻലാലിനോടോ മമ്മൂട്ടിയോടോ പോലും പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.

അമ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളായ അൻസിബ, സരയൂ, അനന്യ എന്നിവരെയും സുരേഷ് ഗോപി പ്രത്യേകം അഭിനന്ദിച്ചു. വളരെ മനോഹരമായിട്ടാണ് അവർ സംസാരിക്കുന്നത്. രാഷ്ട്രീയക്കാരേക്കാളും മികച്ച രീതിയിൽ വളരെ സ്ട്രക്‌ച്ചേർഡ് ആയിട്ടാണ് മൂരും സംസാരിച്ചതെന്ന് സുരേഷ് ഗോപി അഭിനന്ദിച്ചു.