ശിക്ഷാ കാലയളവിൽ 500 ദിവസത്തോളം പരോൾ കിട്ടി,​ ഷെറിന് ജയിൽ മോചനത്തിന് വഴിയൊരുങ്ങിയ തീരുമാനം വന്നത് അതിവേഗം

Wednesday 29 January 2025 3:25 PM IST

ആലപ്പുഴ: ഭാസ്‌കര കാരണവർ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഷെറിന് ശിക്ഷാവിധിയിൽ ഇളവുനൽകാൻ മന്ത്രിസഭാ തീരുമാനം വന്നത് അതിവേഗമെന്ന് വിവരം. 20 വർഷത്തിലധികമായി ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെ പോലും മറികടന്ന് 14 വർഷം തടവ്‌കാലാവധി പൂർത്തിയാക്കിയ ഷെറിന് സ്‌ത്രീയെന്ന പരിഗണന നൽകിയാണ് മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്. 25 വർഷത്തിൽ കൂടുതൽ തടവ്‌‌ശിക്ഷ പൂർത്തിയാക്കിയവരെ വിട്ടയക്കണം എന്ന ജയിൽ ഉപദേശക സമിതിയുടെ നിർദ്ദേശം പാലിക്കാതെയാണ് ഷെറിന് ഇളവ് നൽകിയത്.

2010ൽ മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം തടവിന് വിധിച്ചത്. ശിക്ഷാകാലയളവിൽ വിവിധ ജയിലുകളിൽ കഴിയുമ്പോഴും വിവിധ ഇളവുകൾ ഷെറിന് ലഭിച്ചിരുന്നു. മാത്രമല്ല പലതവണ ഷെറിൻ ജയിലിൽ പ്രശ്‌‌ങ്ങളും ഉണ്ടാക്കിയിരുന്നു. ഇതെല്ലാം പരിഗണിക്കാതെയാണ് ഷെറിനെ വിട്ടയക്കുന്നത്. 14 വർഷത്തിനിടെ 500 ദിവസത്തിലധികം പരോൾ ഷെറിന് ലഭിച്ചു. 2016ൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ മറ്റ് തടവുകാർക്ക് പരോൾ അനുവദിക്കാതിരുന്ന സമയത്തും ഷെറിന് പരോൾ കിട്ടി. ആദ്യം 30 ദിവസത്തേക്കാണ് കിട്ടിയത് പിന്നീട് 30 ദിവസം കൂടി പരോൾ ലഭിച്ചു.

20ഉം 25ഉം വർഷങ്ങൾ ജയിലിൽ കഴിയുന്ന രോഗബാധിതരായവരെ പോലും വിടാതെയിരിക്കുമ്പോഴാണ് ഷെറിനെ വിട്ടയക്കാൻ മന്ത്രിസഭാ തീരുമാനം വരുന്നത്. 2010 ജൂൺ 11നാണ് ഷെറിനെ തടവുശിക്ഷയ്‌‌ക്ക് വിധിച്ചത്. രണ്ട് വർഷം തികയും മുൻപ് 2012 മാർച്ച് മൂന്നിന് ആദ്യ പരോൾ ലഭിച്ചു. തിരുവനന്തപുരം ജയിലിൽ നിന്നുമാത്രം എട്ട് തവണ പരോൾ ലഭിച്ചു. ഇതിൽ രണ്ടെണ്ണം അടിയന്തര പരോളാണ്. സഹ തടവുകാരുമായും ഉദ്യോഗസ്ഥരുമായും പ്രശ്‌നമുണ്ടാക്കിയ ഷെറിന് പക്ഷെ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും അനുകൂലമായിരുന്നു. ഷെറിന്റെ കാമുകനും കൂട്ടുപ്രതിയുമായ ബാസിത് അലിയെ നല്ലനടപ്പ് പ്രമാണിച്ച് തുറന്നജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. എന്നാൽ ഇയാളുടെ കാര്യം മോചനത്തിന് പരിഗണിച്ചില്ല.