നൂറ് വർഷം ജയിലിൽ അടച്ചോളൂ; തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് മജിസ്‌ട്രേറ്റിനോട് പ്രതി

Wednesday 29 January 2025 5:24 PM IST

പാലക്കാട്: തന്നെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. നൂറ് വർഷം ജയിലിൽ അടച്ചോളൂവെന്നും ചെന്താമര മജിസ്‌ട്രേറ്റിനോട് പറഞ്ഞു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പ്രതി കോടതിയോട് പറഞ്ഞു.

മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര പറഞ്ഞു. മകൾ എഞ്ചിനിയറാണെന്നും മരുമകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര മജിസ്‌ട്രേറ്റിനോട് പറഞ്ഞു. ഇയാളെ അടുത്തമാസം പന്ത്രണ്ട് വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഉടൻ ആലത്തൂർ ജയിലിലേക്ക് കൊണ്ടുപോകും.

പൂർവ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതിക്ക് പശ്ചാത്താപമില്ലെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കൊലപാതകം കൃത്യമായ നടപ്പാക്കിയതിൽ പ്രതിക്ക് സന്തോഷമുണ്ട്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അരുംകൊലകൾ നടത്തിയത്. ഇയാൾ പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

അയൽവാസിയായ സജിതയെ കൊലപ്പെടുത്തി ജയിലിൽപോയ ചെന്താമര ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയേയും തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തുട‌ർന്ന് ഒളിവിൽപ്പോയി.

പൊലീസും നാട്ടുകാരും ചേർന്ന് നടത്തി​യ തെരച്ചി​ലി​നൊടുവി​ൽ ഇന്നലെ രാത്രി​യോടെ പോത്തുണ്ടി​യി​ൽ നി​ന്നാണ് ചെന്താമരയെ പി​ടി​കൂടിയത്. ആലത്തൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ 125 പൊലീസുകാർ സംഘങ്ങളായി തിരിഞ്ഞ് രാവിലെ മുതൽ നാടെങ്ങും തെരച്ചിൽ തുടങ്ങിയിരുന്നു. ആത്മഹത്യസംശയി​ച്ച് ജലാശയങ്ങളിൽ അഗ്നിശമനസേന പരിശോധിച്ചി​രുന്നു. കെഡാവർ നായയെ ഉപയോഗിച്ചും തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ രാത്രിയോടെ കണ്ടെത്തുകയായിരുന്നു.