വിഴിഞ്ഞത്തിൽ കരുത്ത് നേടുന്ന കേരളം

Thursday 30 January 2025 3:12 AM IST

രാജ്യത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ അഭിമാനമായി മാറാൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാവി വികസന സാദ്ധ്യതകൾ വരച്ചുകാട്ടിയ വിഴിഞ്ഞം കോൺക്ളേവ് വളരെയധികം പ്രതീക്ഷകൾ സമ്മാനിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സമാപിച്ചത്. അടുത്ത പത്തുവർഷം കൊണ്ട് വിഴിഞ്ഞം ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച തുറമുഖമായി മാറാൻ പോവുകയാണെന്നാണ് കോൺക്ളേവിൽ സംബന്ധിച്ച വിവിധ മേഖലകളിലെ വിദഗ്ദ്ധന്മാർ പറഞ്ഞത്. ഒരു വർഷം 250 കണ്ടെയ്‌നർ കപ്പലുകൾ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വിഴിഞ്ഞം തുറമുഖം വളരുമ്പോൾ ലഭിക്കുന്ന നേട്ടം ചില്ലറയായിരിക്കില്ല. ഏറ്റവും ആധുനികമായ യന്ത്രസംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന വിഴിഞ്ഞം ആഗോള വ്യാപാര - വാണിജ്യ മേഖലകളിൽ കേരളത്തിന്റെ സാദ്ധ്യതകൾ പലമടങ്ങ് വർദ്ധിപ്പിക്കും.

ഒരു ട്രില്യൺ സമ്പദ് വ്യവസ്ഥ സ്വപ്നം കാണുന്ന സംസ്ഥാനത്തിന് വിഴിഞ്ഞം നൽകാൻ പോകുന്ന കരുത്ത് വളരെ വലുതായിരിക്കും. തുറമുഖവുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ ഒട്ടനവധി വ്യവസായ സംരംഭങ്ങൾ പിറവിയെടുക്കും. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങളും ഇതോടൊപ്പം സൃഷ്ടിക്കപ്പെടും. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള നിക്ഷേപകരും ഇങ്ങോട്ടെത്തും. ചുരുക്കത്തിൽ പ്രതീക്ഷ പോലെ കാര്യങ്ങൾ നടന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണായക ഘടകമായി മാറാൻ പോവുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഔപചാരികമായ ഉദ്ഘാടനം നടക്കാനിരിക്കുന്ന വിഴിഞ്ഞം തുറമുഖം പത്തുവർഷം കൊണ്ട് ഒന്നാം നമ്പർ തുറമുഖമായി മാറുമെന്ന് പറയുമ്പോഴും അതു സാദ്ധ്യമാക്കാൻ പശ്ചാത്തല സൗകര്യങ്ങൾ പലതും ഇനിയും ഒരുക്കേണ്ടതുണ്ടെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്.

നിലവിൽ വിഴിഞ്ഞം ഒരു ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖം മാത്രമേ ആകുന്നുള്ളൂ. അതായത്,​ വിദേശ രാജ്യങ്ങളിൽ നിന്ന് കൂറ്റൻ മദർഷിപ്പുകളിൽ ഇവിടെ എത്തിക്കുന്ന കണ്ടെയ്‌നറുകൾ ഇറക്കിവച്ച് പിന്നീടത് ചെറിയ കപ്പലുകളിൽ കയറ്റി വിവിധ തുറമുഖങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോകുന്നു. എന്നാൽ വിഴിഞ്ഞതിന്റെ സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടണമെങ്കിൽ വാണിജ്യ - വ്യാപാര മേഖലകളിലെ ഉത്‌പന്നങ്ങൾ ഇവിടെ നിന്ന്

വൻതോതിൽ കയറ്റി അയയ്ക്കാൻ പാകത്തിൽ തുറമുഖം വികസിപ്പിക്കേണ്ടതുണ്ട്. അതിനാകട്ടെ അവശ്യം വേണ്ടത് വിവിധയിടങ്ങളിൽനിന്ന് വിഴിഞ്ഞത്തേക്ക് റോഡ് - റെയിൽ മാർഗങ്ങൾ ആധുനികരീതിയിൽ വികസിപ്പിച്ചെടുക്കുക എന്നതാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് സമയമായിട്ടും ഈ വഴിക്ക് നടപടിയൊന്നുമായിട്ടില്ല. തുറുഖത്തു നിന്നുള്ള റെയിൽപ്പാതയ്ക്ക് കൃത്യമായ രൂപരേഖ പോലുമായിട്ടില്ല. തുറമുഖ നിർമ്മാണത്തിനൊപ്പം തന്നെ ഏറ്റെടുക്കേണ്ട ദൗത്യമായിരുന്നു ഇത്. ഇപ്പോൾ തുടങ്ങിയാൽത്തന്നെ എത്രനാൾ അത് പൂർത്തിയാക്കാൻ വേണ്ടിവരുമെന്ന് നിശ്ചയമില്ല.

ഇതുപോലെതന്നെയാണ് റോഡിന്റെ കാര്യവും. ദേശീയപാത തൊട്ടടുത്തുണ്ടെങ്കിലും വിപുലമായ കണക്ടിവിറ്റിക്ക് വിശാലപാത പുതുതായി നിർമ്മിക്കേണ്ടിവരും. നിർദ്ദിഷ്‌ട ശബരിപാത വിഴിഞ്ഞത്തേക്ക് ദീർഘിപ്പിക്കുന്നത് വിഴിഞ്ഞം തുറമുഖത്തിനും പാത കടന്നുപോകുന്ന പ്രദേശങ്ങൾക്കും വലിയ വികസന സാദ്ധ്യതകൾ തുറന്നിടും. അതുപോലെ,​ പുതിയ റോഡുകൾക്കിരുവശവും തുറമുഖവുമായി ബന്ധപ്പെട്ട് ധാരാളം വ്യവസായശാലകൾക്കും വളർന്നുവരാനാകും. ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള വിശാല കാഴ്ചപ്പാടാണ് സർക്കാരിനുവേണ്ടത്. ശബരിപാത യാഥാർത്ഥ്യമാക്കാൻ സർക്കാർ നിശ്ചയദാർഢ്യത്തോടെ ഇറങ്ങണം. അത് വിഴിഞ്ഞത്തേക്കു നീട്ടിയാൽ വിഴിഞ്ഞം മുതൽ ഷൊർണൂർവരെയുള്ള ചരക്കുനീക്കം സുഗമമാകും. കൊച്ചി- ഷൊർണൂർ സെക്ഷനിൽ പുതിയൊരു പാതകൂടി വരുന്നുമുണ്ട്. വിഴിഞ്ഞത്ത് എത്തുന്ന കണ്ടെയ്‌നറുകൾ മറ്റു തുറമുഖങ്ങളിലേക്ക് കയറ്റിവിടുന്നതിലൂടെ മാത്രം സമ്പത്ത് കൊയ്യാമെന്ന് കരുതരുത്. സമ്പൂർണ തുറമുഖമായി അതിനെ വികസിപ്പിക്കുകയെന്നതാകണം ലക്ഷ്യം.