'ഡോക്ടറെ വിവാഹം ചെയ്തു', ഫോട്ടോ പങ്കുവച്ച് യുവാവ്; കമന്റ് ബോക്‌സില്‍ മാരക ട്വിസ്റ്റ്

Wednesday 29 January 2025 9:03 PM IST

ചെന്നൈ: വിവാഹ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ സ്വന്തം ജീവിതത്തില്‍ യുവാവിന് പറ്റിയ അബദ്ധമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. ആ ചര്‍ച്ച കൊണ്ട് പക്ഷേ വലിയൊരു ആപത്തില്‍ നിന്ന് യുവാവ് രക്ഷപ്പെടുകയും ചെയ്തു. 32 കാരിയായ 'ഡോക്ടര്‍ നിശാന്തി' എന്ന യുവതിയേയാണ് ശിവചന്ദ്രനെന്ന ബാങ്ക് ജീവനക്കാരന്‍ വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങള്‍ യുവാവ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഡോക്ടറെ വിവാഹം കഴിക്കണമെന്ന ആഗ്രഹം സഫലമായി എന്ന കുറിപ്പോടെയാണ് ശിവചന്ദ്രന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നീട് കമന്റ് ബോക്‌സ് പരിശോധിച്ച യുവാവ് ഒന്ന് ഞെട്ടി. ചിത്രത്തില്‍ കാണുന്ന യുവതി ഡോക്ടര്‍ നിശാന്തി അല്ലെന്നും അത് തന്റെ ഭാര്യയായ മീരയാണെന്നുമായിരുന്നു പുത്തൂര്‍ സ്വദേശിയായ നെപ്പോളിയനെന്ന യുവാവിന്റെ കമന്റ്. 2017ല്‍ താന്‍ മീരയെ വിവാഹം കഴിച്ചുവെന്നും ഏകദേശം ഒരു വര്‍ഷത്തിന് ശേഷം വീട്ടിലെ വിലപിടിപ്പുള്ള ചില സാധനങ്ങളുമെടുത്ത് മീര മുങ്ങുകയായിരുന്നുവെന്നും നെപ്പോളിയന്‍ കമന്റ് ചെയ്തു.

ട്വിസ്റ്റ് അവിടെ തീര്‍ന്നില്ല, ശിവചന്ദ്രനും നെപ്പോളിയനും തമ്മില്‍ കമന്റ് ബോക്‌സില്‍ തര്‍ക്കം മുറുകിയപ്പോള്‍ ഇവിടേക്ക് മൂന്നാമത് മറ്റൊരു യുവാവ് രംഗപ്രവേശം നടത്തി. ഫോട്ടോയില്‍ കാണുന്നത് തന്റെ ഭാര്യയാണെന്നായിരുന്നു കടലൂര്‍ സ്വദേശിയായ മൂന്നാമന്‍ എന്‍ രാജയുടെ വാദം. ഇത്രയുമായപ്പോള്‍ ശിവചന്ദ്രന്‍ ഭാര്യയേയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി. സമൂഹമാദ്ധ്യമങ്ങളിലെ സംഭവവികാസങ്ങള്‍ തെളിവ് സഹിതം ശിവചന്ദ്രന്‍ പൊലീസിന് കൈമാറി.

തുടര്‍ന്ന് പൊലീസ് യുവതിയെ ചോദ്യം ചെയ്തു. യഥാര്‍ത്ഥ പേര് നിശാന്തി, മീര എന്നിവയൊന്നുമല്ലെന്നും തന്റെ പേര് ലക്ഷ്മി എന്നാണെന്നും ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. സംഭവത്തില്‍ പറയുന്ന മൂന്ന് പേരെ കൂടാതെ തനിക്ക് മറ്റൊരു ഭര്‍ത്താവ് കൂടി ഉണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. 2010ല്‍ ആണ് താന്‍ ആദ്യമായി വിവാഹം ചെയ്തതെന്നും ലക്ഷ്മി (32) സമ്മതിച്ചു. 2010ല്‍ പഴയൂര്‍ സ്വദേശി സിലമ്പരശനുമായി ആയിരുന്നു ലക്ഷിമിയുടെ ആദ്യ വിവാഹം. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് സിലമ്പരശന്‍ മരിച്ചു.

ഇതോടെ മക്കളെ വീട്ടില്‍ ഏല്‍പ്പിച്ച് ലക്ഷ്മി നാടുവിട്ടു. പിന്നാലെ ഈറോഡില്‍ എത്തി മറ്റൊരു പേരില്‍ രണ്ടാം വിവാഹം നടത്തി. മാസങ്ങള്‍ കഴിഞ്ഞ് ഭര്‍ത്താവിന്റെ പണവും സ്വര്‍ണവും കവര്‍ന്ന് ഈറോഡില്‍ നിന്ന് മുങ്ങി. അതിനുശേഷം മൂന്നാമത്തെ വിവാഹം കഴിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിഞ്ഞത്. ഭര്‍ത്താക്കന്മാരുടെ പരാതിയില്‍ വിവാഹ തട്ടിപ്പുകാരിയായ ലക്ഷ്മിയെ മയിലാടുതുറൈ കോടതി റിമാന്‍ഡ് ചെയ്തു. കല്യാണം കഴിഞ്ഞ ശേഷം ഭര്‍തൃവീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളും പണവും മോഷ്ടിച്ച് മുങ്ങുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.