കൊല്ലത്ത് ഭാര്യയേയും കുടുംബാംഗങ്ങളെയും വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

Thursday 30 January 2025 11:46 AM IST

കൊല്ലം: ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് ഇവരെ വെട്ടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ എട്ടരയോടെ രമണിയുടെ വീട്ടിൽവച്ചായിരുന്നു സംഭവം. രമണിയും അപ്പുക്കുട്ടനും ശക്തികുളങ്ങരയിലെ ഈ വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. രമണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

രമണിയെ ആദ്യം ജില്ലാ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുഹാസിനിയും സൂരജും കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അപ്പുക്കുട്ടൻ മത്സ്യത്തൊഴിലാളിയാണ്.