ഒരു എപ്പിസോഡിന് പ്രതിഫലം 18 ലക്ഷം; ഇന്ത്യയിലെ സൂപ്പര്‍താരങ്ങളെപ്പോലും പിന്നിലാക്കി 23കാരി

Thursday 30 January 2025 7:26 PM IST

അഭിനയരംഗത്തേക്ക് കയറിപ്പറ്റുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇനി കഠിനാധ്വാനവും ഭാഗ്യവും കൊണ്ട് എത്തിപ്പെട്ടാല്‍ തന്നെ പിടിച്ച് നില്‍ക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അതിന് കാരണം വര്‍ദ്ധിച്ച് വരുന്ന മത്സരബുദ്ധിയും പ്രതിഭകളുടെ അതിപ്രസരവും ആണ്. ഇന്ത്യയില്‍ അഭിനയരംഗമെന്നാല്‍ അത് പുരുഷ മേധാവിത്വമുള്ള ഒരു മേഖല കൂടിയാണ്. വരുമാനത്തിന്റെ കാര്യത്തിലായാലും സ്റ്റാര്‍ഡം ആയാലും ഒരു പടി മുകളിലാണ് പുരുഷന്‍മാര്‍. സിനിമ രംഗത്ത് മാത്രമല്ല വെബ് സീരീസ്, ടെലിവിഷന്‍ രംഗങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.

പ്രതിഫലത്തിന്റെ കാര്യത്തില്‍ സിനിമകളെ അപേക്ഷിച്ച് ചെറിയൊരു വ്യത്യാസം ടെലിവിഷന്‍ ഷോകളില്‍ നിലവിലുണ്ട്. പല സീനിയര്‍ താരങ്ങളേക്കാളും പ്രതിഫലം കൈപ്പറ്റുന്നത് ഒരു 23കാരിയാണ്, പേര് ജന്നത്ത് സുബൈര്‍. സീരിയല്‍, റിയാലിറ്റി ഷോ, മറ്റ് ടെലിവിഷന്‍ പ്രോഗ്രാമുകള്‍ എന്നിവയിലൂടെ ശ്രദ്ധേയയായ താരം ലക്ഷങ്ങളാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ഇന്ത്യയിലെ നിരവധി സിനിമാ താരങ്ങളേക്കാള്‍ ആരാധകരും ജന്നത്തിനുണ്ട് എന്നതാണ് മറ്റൊരു കാര്യം.

സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമിലെ ഫോളോവേഴ്‌സിന്റെ കാര്യം പരിശോധിച്ചാല്‍ തന്നെ ആരാധകരുടെ ബാഹുല്യം വ്യക്തമാണ്. 49.7 മില്യണ്‍ ഫോളോവേഴ്‌സ് ആണ് താരത്തിനുള്ളത്. സാക്ഷാല്‍ ഷാരുഖ് ഖാന് 46 മില്യണ്‍ ഫോളോവേഴ്‌സ് മാത്രമാണുള്ളത് എന്ന് പറയുമ്പോഴാണ് ജന്നത്തിന്റെ ആരാധകരുടെ എണ്ണം എത്രയെന്ന് വ്യക്തമാകുക. യൂട്യൂബില്‍ 6.37 മില്യണ്‍ ആണ് താരത്തിനുള്ള സബ്‌സ്‌ക്രൈബേഴ്‌സ്.

2001ല്‍ മുംബയിലാണ് ജന്നത്തിന്റെ ജനനം.ബാലതാരമായിട്ടാണ് ടെലിവിഷന്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. ദില്‍ മില്‍ ഗയേ , മഹാറാണാ പ്രതാപ്, തൂ ആഷ്‌ക്കി, ഫുല്‍വാ, ഫിയര്‍ ഫയല്‍സ് എന്നിങ്ങനെ സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ ഷോകളുടെ ഒരു നീണ്ട നിര ജന്നത്തിനുണ്ട്. റിയാലിറ്റി ഷോകളാണ് താരത്തിന്റെ മറ്റൊരു മേഖല. ഫിയര്‍ ഫാക്ടര്‍ : ഖത്രോന്‍ കെ ഖിലാടി, ലാഫ്റ്റര്‍ ചലഞ്ച് എന്നിവയുടെ ഭാഗമായിരുന്നു ജന്നത്ത്. ഫിയര്‍ ഫാക്ടറില്‍ ഇന്നോളം പങ്കെടുത്തവരില്‍ ഏറ്റവുമധികം തുക പ്രതിഫലം നേടിയതും ജന്നത്ത് തന്നെയാണ്. 18 ലക്ഷമായിരുന്നു ഒരു എപ്പിസോഡിന് താരത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്. ലാഫ്റ്റര്‍ ചലഞ്ചില്‍ ഒരു എപ്പിസോഡിന് രണ്ട് ലക്ഷം രൂപയും ജന്നത്തിന് ലഭിച്ചു.

ഇവയ്ക്ക് പുറമേ സ്വകാര്യ മ്യൂസിക് ആല്‍ബങ്ങളിലൂടെയും താരം ധാരാളം ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. ഹിച്ച്കി അടക്കം നാല് ഹിന്ദി ചലച്ചിത്രത്തിലും ജന്നത്ത് അഭിനയിച്ചു. സമൂഹമാദ്ധ്യമ പോസ്റ്റുകളിലൂടെയും നല്ലൊരു തുക ജന്നത്തിന് വരുമാനമായി ലഭിക്കുന്നുണ്ട്. ഒരു പോസ്റ്റിന് രണ്ട് ലക്ഷം രൂപയ്ക്ക് അടുത്താണ് താരത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. 250 കോടി രൂപയുടെ ആസ്തിയാണ് ജന്നത്തിനുള്ളത്. ചെറിയപ്രായത്തില്‍ തന്നെ താരപദവി കൈവശപ്പെടുത്തിയെങ്കിലും അതൊന്നും താരത്തിന്റെ വിദ്യാഭ്യാസ്തതെ ബാധിച്ചിട്ടില്ല. മുംബയിലെ ഒരു സ്വകാര്യ കോളേജില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട് ജന്നത്ത്.