മറ്റൊരു സത്രീയുമായി ഫോണ്‍വിളിയും മെസേജിംഗും; സനലിനെതിരെ തെളിവായത് സ്വന്തം വീട്ടിലെ സിസിടിവി ദൃശ്യം
ആലപ്പുഴ: പതിനൊന്നും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവാണ് ഓട്ടോറിക്ഷ ഡ്രൈവറായ സനല്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഇയാള്‍ ഒളിവിലാണ്. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സനല്‍ ഒളിവില്‍ പോയത്. മറ്റൊരു യുവതിയുമായി ഇയാള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി അടുപ്പമുണ്ട്. ഇരുവരും തമ്മിലുള്ള ഫോണ്‍കോളുകളും വാട്‌സാപ്പ് മെസേജുകളും ശ്രദ്ധയില്‍പ്പെട്ടതോടെ ഭാര്യ ഇത് ചോദ്യം ചെയ്തു.
ഭാര്യയുടെ ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാതിരുന്ന സനല്‍ കൈയില്‍ കുഞ്ഞുമായി നിന്ന ഇവരെ ആവര്‍ത്തിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കലവൂര്‍ സ്വദേശിയായ ഭാര്യക്ക് മര്‍ദ്ദനമേള്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് സനലിനെ തേടി പൊലീസ് വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സ്വന്തം വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സനലിനെതിരായ തെളിവുകള്‍ പൊലീസിന് ലഭിച്ചത്.
മുഖത്ത് ക്രൂരമായ മര്‍ദനമേറ്റ നിലയില്‍ ഭാര്യയും തലകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റ കുഞ്ഞും ആലപ്പുഴ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 12 വര്‍ഷം മുമ്പാണ് സനലും യുവതിയും വിവാഹിതരായത് വിവാഹിതരായ ഇവര്‍ക്ക് 11 വയസ്സു 3 വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്. എന്നാല്‍ സനലിന് കഴിഞ്ഞ ഒരു വര്‍ഷമായി മറ്റൊരു സ്ത്രീയുമായി അടുപ്പമുള്ളതായി ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റ് നിരവധി അടിപിടി കേസുകളിലും പ്രതിയാണ് സനല്‍.
മറ്റൊരു യുവതിയുമായി സനലിനുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള വഴക്ക് പതിവാണെന്നാണ് പൊലീസ് പറയുന്നത്. പലതവണ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്‌തെങ്കിലും ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ സനല്‍ തയ്യാറായില്ല. ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട സനലിന്റെ പിതാവാണ് യുവതിയേയും കുഞ്ഞിനേയും രക്ഷിച്ചത്.