ഗുരുതര ലൈംഗികാരോപണം; ലിവർപൂളിലെ മലയാളി ബിഷപ്പ് ജോൺ പെരുമ്പാലത്ത് രാജിവച്ചു

Friday 31 January 2025 12:44 PM IST

ലണ്ടൻ: പ്രൊട്ടസ്റ്റന്റ് വിഭാഗം എന്നറിയപ്പെടുന്ന ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഉന്നത പദവിയിലിരുന്ന ലിവർപൂൾ മലയാളി ബിഷപ്പ് ജോൺ പെരുമ്പാലത്ത് ഏർലി റിട്ടയർമെന്റ് എടുത്ത് തന്റെ പദവികളിൽ നിന്നും പിന്മാറി. 70-ാമത്തെ വയസിൽ റിട്ടയർ ചെയ്യേണ്ട ബിഷപ്പാണ് രണ്ട് സ്ത്രീകൾ ഉന്നയിച്ച ഗുരുതര ലൈംഗികാരോപണത്തെ തുടർന്ന് 12 വർഷം നേരത്തെ റിട്ടയർ ചെയ്‌തത്.

ബ്രിട്ടനിലെ പ്രമുഖ ടിവി ചാനലായ 'ചാനൽ 4' ടെലിവിഷനാണ് പ്രൈം ടൈം ന്യൂസിലൂടെ ചൊവ്വാഴ്ച ബിഷപ്പിനെതിരായ ലൈംഗികാരോപണം ആദ്യം പുറത്തുവിട്ടത്. പള്ളിയിലെ ഒരംഗവും മറ്റൊരു വനിതാ ബിഷപ്പും ആണ് ആരോപണം ഉന്നയിച്ചത്. നേരത്തെ ഒരാളുടെ പരാതിയിൽ ബിഷപ്പ് ജോൺ പെരുമ്പാലത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, പൊലീസോ ഉന്നതാധികാരികളോ ബിഷപ്പ് ജോൺ പെരുമ്പാലയ്ക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചില്ല എന്നും ചാനൽ 4ന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ഇതുപോലുള്ള മറ്റ് പരാതികളിൽ വേണ്ട നടപടികൾ സമയത്ത് കൈക്കൊണ്ടില്ല എന്ന ആരോപണം ചർച്ച് ഓഫ് ഇംഗ്ലണ്ടിനെതിരെ നിലനിൽക്കെയാണ് ജോൺ പെരുമ്പാലത്തിന്റെ വിഷയം മാദ്ധ്യമങ്ങളിൽ നിറയുന്നത്. മാനന്തവാടിയിൽ ജനിച്ച് കൊൽക്കത്തയിലും ലണ്ടനിലും പഠിച്ചയാളാണ് ജോൺ പെരുമ്പാലത്ത്. റിട്ടയർ ചെയ്തതോടെ പ്രശ്നം അവസാനിക്കില്ലെന്നും നിയമമനുസരിച്ചുള്ള തുടർ നടപടികൾ ഉണ്ടാവണമെന്നും ശക്തമായ ആവശ്യം ഉയർന്നു വരികയാണ്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം ജോൺ പെരുമ്പാലത്ത് നിഷേധിച്ചു. മീഡിയ തന്നെ വിചാരണ നടത്തുകയാണെന്നും, ആരോപണങ്ങൾ കൊണ്ടല്ല താൻ ഏർലി റിട്ടയർമെന്റ് എടുത്തതെന്നും ജോൺ പറഞ്ഞു.