ഒരു മണിക്കൂറിനിടെ 20000 രൂപ, കൈക്കൂലി വന്ന് മറിയുന്ന കേരളത്തിലെ സർക്കാർ വിഭാഗം

Friday 31 January 2025 12:57 PM IST

പാലക്കാട്: 20 രൂപയിൽ തുടങ്ങി രണ്ടായിരം വരെ കൈക്കൂലിയായി വന്ന് നിറയുന്നയിടം; അതും മിനുട്ടുകൾക്കുള്ളിൽ. കൈക്കൂലിക്ക് കുപ്രസിദ്ധിയാർജിച്ച വാളയാർ ചെക്കി പോസ്‌റ്റിലെ നിലവിലെ അവസ്ഥയാണ് പറയുന്നത്. സഞ്ചി നിറയെ ഇരുപതിന്റെ നോട്ടുകൾ തുടങ്ങി അഞ്ഞൂറിന്റെ വരെ. പണം വന്നുകൊണ്ടേയിരിക്കുകയാണ് യാതൊരു മറയുമില്ലാതെ. ജനുവരി മാസത്തിൽ മാത്രം മൂന്ന് റെയ‌്ഡുകൾ വിജിലൻസ് നടത്തിയപ്പോൾ പിടിച്ചെടുത്തത് ഒന്നര ലക്ഷത്തിലേറെ രൂപ. എന്നിട്ടും കൈക്കൂലി വാങ്ങുന്നത് എംവിഡി ഉദ്യോഗസ്ഥർ തുടർന്നുകൊണ്ടേയിരിക്കുന്നു.

നേർച്ചപെട്ടിയിൽ കാണിക്ക ഇടുന്നത് പോലെയാണ് ഉദ്യോഗസ്ഥരുടെ മുന്നിൽ ലോറി ഡ്രൈവർമാർ കൈക്കൂലി വച്ചു പോകുന്നത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 41000 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. മണിക്കൂറിൽ 20000 എന്ന കണക്കിലാണ് ചെക്ക് പോസ്റ്റുകളിൽ കൈക്കൂലിപ്പണം വന്നുകൊണ്ടിരിക്കുന്നത്.

ഞങ്ങൾ വേണ്ടെന്ന് പറഞ്ഞാലും ഡ്രൈവർമാർ സന്തോഷത്തോടെ പോക്കറ്റിൽ വച്ചുതരും. പിന്നെന്തു ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ രഹസ്യമായി പൊലീസിനോട് ചോദിക്കുന്നത്.

ജനുവരി 11,13 തീയതികളിലായി നടന്ന പരിശോധനകളിൽ അഞ്ചു ചെക്ക് പോസ്‌റ്റുകളിൽ നിന്നായി 3,28,980 രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇരുപതിലേറെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ‌്തിട്ടുണ്ട്.