ഫെഫ്കയെ തകർക്കാൻ അഹോരാത്രം ശ്രമിക്കുന്നത് ഒരു വനിതാ സംവിധായിക,​ ആരായാലും നേരിടുമെന്ന് ഷിബു ജി സുശീലൻ

Friday 31 January 2025 8:48 PM IST

കൊച്ചി : കൊച്ചിയിൽ മേക്കപ്പ് ആർട്ടിസ്റ്റുകൾ നടത്തിയ സമരത്തിന് പിന്നിൽ ഫെഫ്കയെയും ബി. ഉണ്ണിക്കൃഷ്ണനെയും തകർക്കാനുള്ള ശ്രമമാണെന്ന് പ്രൊഡക്ഷൻ കൺട്രോളറും ഫെഫ്ക ഭാരവാഹിയുമായ ഷിബു ജി ,​സുശീലൻ ആരോപിച്ചു. ഫെഫ്ക' എന്നത് മലയാള സിനിമയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവ വായുവാണ് അതിനെ തകർക്കാൻ വരുന്നവർ ആരായാലും അവരെ ഞങ്ങൾ ഏതുവിധേനയും നേരിടുമെന്ന് ഷിബു ഫേസ്‌ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. ഒരു തൊഴിലാളി സംഘടയിൽ അച്ചടക്കനടപടികൾ എടുക്കുന്നത് സ്വാഭാവികമാണ്. ബൈലോ അനുസരിച്ചു പ്രവർത്തനം മുന്നോട്ട് പോകുമ്പോൾ അതിന് വിപരീതമായി പ്രവർത്തിക്കുന്ന അംഗത്തെ ശാസികുവാനും നടപടി എടുക്കാനും അതാത് യൂണിയന് അധികാരം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെഫ്കയെ പൊളിക്കാൻ അഹോരാത്രം ശ്രമിക്കുന്ന ഒരു വനിതാസംവിധായികയാണ് വനിതാ തൊഴിലാളി സ്‌നേഹം ഒലിപ്പിച്ചു കൊണ്ട് പാവപ്പെട്ട സ്ത്രീകളെ നിരത്തിൽ നിരാഹാരം ഇരുത്തിയതെന്നും ഷിബു ജി. സുശീലൻ ആരോപിച്ചു.

ഷിബു ജി. സുശീലന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

' ഫെഫ്ക' എന്നത് മലയാള സിനിമയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവ വായുവാണ് അതിനെ തകർക്കാൻ വരുന്നവർ ആരായാലും അവരെ ഞങ്ങൾ ഏതുവിധേനയും നേരിടും എന്നതിൽ സംശയമില്ല.

#ഫെഫ്ക എന്ന കരുത്തുറ്റ സംഘടനയുടെ കീഴിൽ 22തൊഴിലാളി യൂണിയനുകൾ നിലവിലുണ്ട്. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഒരു കൈതാങ്ങായി ഫെഫ്ക ഉണ്ടെന്ന് ഉത്തമ ബോധ്യം ഉള്ളവരാണ് ഇവിടെയുള്ള എല്ലാ തൊഴിലാളികളും. അവരുടെ ഏതു പ്രശ്നപരിഹാരത്തിനും ഫെഫ്ക അവർക്കൊപ്പമുണ്ട്.

അംഗങ്ങളുടെ ആരോഗ്യത്തിന് ഇത്രയും കരുതൽ നൽകുന്ന ഒരു തൊഴിലാളി പ്രസ്ഥാനം ലോകത്തെങ്ങും ഉണ്ടാവില്ല.

ഒരു അംഗത്തിന് മൂന്നു ലക്ഷം രൂപ വരെ ചികിത്സ സഹായം നൽകുന്ന തൊഴിലാളി സംഘടനയാണ് #ഫെഫ്ക

സിനിമമേഖലയിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ചർച്ചകൾ ചെയ്തു വാങ്ങി കൊടുക്കാൻ സാധിച്ചതിൽ ഫെഫ്കയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.

തൊഴിലാളി സംഘടന ആകുമ്പോൾ തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ്.അത് പോലെ ഒരു തൊഴിലാളി സംഘടയിൽ അച്ചടക്കനടപടികൾ എടുക്കുന്നത് സ്വാഭാവികമാണ്.

ഫെഫ്കയിലെ 22 യൂണിയനുകൾക്കും ഡിഫ്രെന്റ് ബൈലോ നിലവിലുണ്ട് ആ ബൈലോ അനുസരിച്ചാണ് അതാത് യൂണിയൻ പ്രവർത്തിക്കുന്നത്. അതിന് മേൽനോട്ടം നൽകാൻ കഴിവുള്ള ഭാരവാഹികളുമുണ്ട്. ഓരോ യൂണിനും അക്കൗണ്ട്, ഓഡിറ്റ് അങ്ങനെ എല്ലാവിധ സംവിധാനങ്ങളും നിലവിൽ ഉണ്ട്.

ബൈലോ അനുസരിച്ചു പ്രവർത്തനം മുന്നോട്ട് പോകുമ്പോൾ അതിന് വിപരീതമായി പ്രവർത്തിക്കുന്ന അംഗത്തെ ശാസികുവാനും നടപടി എടുക്കാനും അതാത് യൂണിയന് അധികാരം ഉണ്ട്. അത് ലോകത്ത് എവിടെയും അങ്ങനെ തന്നെയാണ് നടക്കുന്നത്.

എത്ര കല്ലുകൾ വാരി എറിഞ്ഞാലും വളരെ കരുത്തോടെ ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക എന്ന പ്രസ്ഥാനത്തെ നയിക്കും എന്നതിൽ സംശയമില്ല.

#ഫെഫ്കയെ പൊളിക്കാൻ അഹോരാത്രം ശ്രമിക്കുന്ന ഒരു വനിതാസംവിധായിക തന്നെ കുറച്ചുവർഷങ്ങൾക്ക് മുൻപ്പ് ഊട്ടിയിൽ ഹെയർ സ്റ്റൈലിസ്റ്റായി വന്ന ഒരു പാവപ്പെട്ട വനിതയെ ജോലി ചെയ്യാൻ സമ്മതിക്കാതെ നിഷ്ടൂരം പറഞ്ഞുവിട്ടിരുന്നു എന്നത് ഓർക്കുക.

എന്നിട്ടാണ് വനിതാ തൊഴിലാളി സ്‌നേഹം ഒലിപ്പിച്ചു കൊണ്ട് പാവപ്പെട്ട സ്ത്രീകളെ നിരത്തിൽ നിരാഹാരം ഇരുത്തിയത്.ഈ പാവപ്പെട്ട സിനിമ തൊഴിലാളികളായ വനിതകൾക്ക് നിങ്ങൾ നിർമ്മിച്ചതോ, സംവിധാനം ചെയ്തതോ ആയ സിനിമയിൽ ജോലി നൽകാൻ ഒരിക്കലെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

അത് പോലെ വാ തോരാതെ സിനിമയിലെ പ്രശ്നം പ്രസംഗിക്കുന്ന നടികൾക്ക് അവരുടെ പേർസണൽ ഹെയർ ഡ്രെസർ, മേക്കപ്പ് എന്ന നിലയിൽ പാവപ്പെട്ട ഇതിൽ ആർകെങ്കിലും സഹായം നൽകിയോ? ഇനി അങ്ങോട്ട് നിങ്ങളാൽ വിഢിവേഷം കെട്ടേണ്ടി വന്നവരെ മേക്കപ്പ്, ഹെയർഡ്രെസ്സർ ആയി കൂടെ കൂട്ടാൻ പറ്റുമോ?

#ഫെഫ്കയുടെ ജനറൽ സെക്രട്ടറിയുടെ നേർക്ക് ചെളി വാരി എറിഞ്ഞുകൊണ്ട് ഫെഫ്കയെ തകർകാം എന്നുള്ള നിങ്ങളുടെയെല്ലാം മോഹം വെറും വിദൂരസ്വപ്നം മാത്രമാണ്....എന്ന് ഓർക്കുക.

ഞങ്ങൾ സംഘടിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും...