ബംഗളൂരു സ്വദേശിയായ യുവതിയെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തി, നടന്‍ അമീര്‍ ഖാന്‍ വീണ്ടും പ്രണയത്തില്‍

Friday 31 January 2025 9:54 PM IST

മുംബയ്: ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന്‍ പുതിയ പ്രണയബന്ധത്തിലെന്ന് സൂചന. ബംഗളൂരു സ്വദേശിയായ യുവതിയാണ് നടന്റെ പുതിയ കാമുകിയെന്നും ഇവരെ തന്റെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയെന്നും ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമീറുമായി അടുത്ത വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടിരിക്കുന്നതെന്നും ഫിലിം ഫെയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ചിത്രങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.

സ്വകാര്യതയെ മാനിച്ചാണ് അവരുടെ ചിത്രങ്ങള്‍ പുറത്തുവിടാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവതിയെ അമീര്‍ ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയെന്നും വളരെ നല്ല കൂടിക്കാഴ്ചയായിരുന്നു ഇതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട് ബന്ധങ്ങളും അദ്ദേഹം വേര്‍പ്പെടുത്തിയിരുന്നു. രണ്ട് വിവാഹങ്ങളിലായി താരത്തിന് മൂന്ന് മക്കളുമുണ്ട്.

59കാരനായ നടന്‍ 1986ല്‍ ആയിരുന്നു ആദ്യം വിവാഹം കഴിച്ചത്. റീന ദത്തയായിരുന്നു താരത്തിന്റെ ഭാര്യ. ഈ ബന്ധത്തില്‍ ജുനൈദ്, ഇറ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2002ല്‍ അമീറും റീനയും വിവാഹ ബന്ധം വേര്‍പ്പെടുത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2005ല്‍ സംവിധായകയായ കിരണ്‍ റാവുവിനെ അമീര്‍ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ആസാദ് എന്നൊരു മകനുണ്ട്. 2021ല്‍ ഇരുവരും ഈ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. നിലവില്‍ അഭിനയ രംഗത്ത് അത്ര സജീവമല്ല താരം. സിതാരെ സമീന്‍ പര്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് താരമിപ്പോള്‍.