ആ ചെറുപ്പക്കാരൻ ഉച്ചത്തിൽ ചോദിച്ചു, ബി.ജെ.പിക്കാർ പള്ളിയിൽ കയറുമോ ? ബി.ജെ.പിയിൽ ചേർന്നശേഷം അബ്ദുള്ളക്കുട്ടിക്കുണ്ടായ രണ്ട് അനുഭവങ്ങൾ 

Monday 26 August 2019 11:52 AM IST

ബി.ജെ.പിയിൽ ചേർന്നിട്ട് അമ്പതിൽ താഴെ ദിവസങ്ങളേ ആയുള്ളുവെങ്കിലും അതിനുശേഷം പള്ളിയിൽ നിസ്‌കാരത്തിനെത്തിയ അവസരങ്ങളിലുണ്ടായ രണ്ട് അനുഭവങ്ങൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയാണ് എ.പി.അബ്ദുള്ള കുട്ടി. നരേന്ദ്ര മോദിയെ ഡൽഹിയിൽ ചെന്നുകണ്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം തിരികെ കണ്ണൂരിൽ മടങ്ങിയെത്തിയത് വെള്ളിയാഴ്ച ദിവസമായിരുന്നു. ജുമാ നിസ്‌കാരത്തിനായി സിറ്റി സെന്ററിലുള്ള പള്ളിയിലെത്തി തിരികെ ഇറങ്ങുമ്പോൾ തനിക്കു ചുറ്റും കൂടിയ യുവാക്കളുടെ ചെറുസംഘം തന്റെ കരം കവർന്നശേഷം പ്രധാനമന്ത്രി മോദിയെ പിടിച്ച കൈയ്യല്ലേ എന്നു ചോദിച്ച അനുഭവമാണ് തനിക്കുണ്ടായതെന്നും. ബി.ജെ.പിയിൽ ചേർന്നതിന് വിചാരിച്ചതിനേക്കാൾ വലിയ എതിർപ്പൊന്നും ലഭിച്ചില്ലെന്ന് തുറന്ന് പറയുന്ന എ.പി.അബ്ദുള്ളക്കുട്ടി തനിക്ക് തലസ്ഥാനത്തുണ്ടായ രണ്ടാമത്തെ അനുഭവത്തെ കുറിച്ചും പറയുന്നു.

ബി.ജെ.പി സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തിയ സമരത്തിൽ പങ്കെടുക്കാനായി ബി.ജെ.പി അദ്ധ്യക്ഷന്റെ ക്ഷണപ്രകാരം തലസ്ഥാനത്തെത്തി പരിപാടിയിൽ പങ്കെടുത്തശേഷം പാളയം പള്ളിയിൽ നിസ്‌കാരത്തിനെത്തിയപ്പോഴുണ്ടായ സംഭവമാണ് തന്റെ രണ്ടാമത്തെ അനുഭവമായി അബ്ദുള്ളക്കുട്ടി വിവരിക്കുന്നത്. നിസ്‌കാരത്തിന് ശേഷം പുറത്തിറങ്ങി ചെരുപ്പിടവേ ഒരു യുവാവ് ബി.ജെ.പിക്കാർ പള്ളിയിൽ കയറുമോ എന്ന് വിളിച്ചു ചോദിക്കുകയായിരുന്നു. അതെന്താ അങ്ങനെ പറഞ്ഞതെന്ന് കൂട്ടത്തിലൊരാൾ യുവാവിനോട് ചോദിച്ചപ്പോൾ കുറച്ചുമുൻപ് ബി.ജെ.പിയുടെ സമരപന്തലിൽ കണ്ടിരുന്നെന്നും അതിനാലാണ് ചോദിച്ചതെന്നുമായിരുന്നു മറുപടി. ബി.ജെ.പിയെകുറിച്ച് സമൂഹത്തിൽ തെറ്റായ കാഴ്ചപ്പാടുണ്ടാക്കുവാനാണ് എതിർ പാർട്ടിയിലുള്ളവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ ആരോപിക്കുന്നു.