6000 കിലോ കിളിമീനുമായി ബോട്ട് പിടിയിൽ, ചെറുമീൻ പിടിച്ച ബോട്ടിന് നാല് ലക്ഷം പിഴ

Saturday 01 February 2025 12:21 AM IST

കൊടുങ്ങല്ലൂർ : 6000 കിലോ കിളിമീനുമായി മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥ സംഘം പിടികൂടി. എറണാകുളം ഓച്ചൻതുരുത്ത് അട്ടിപ്പേറ്റി വിട്ടിൽ ബേർണാഡ് ബെന്നിയുടെ ഉടമസ്ഥതയിലുള്ള മേരിമാത എന്ന മത്സ്യബന്ധന ബോട്ടാണ് പിടിച്ചെടുത്തത്. ചെറുമീനുകൾ പിടികൂടരുതെന്ന നിയമം ലംഘിച്ചതിന് നാല് ലക്ഷം പിഴ ചുമത്തി. തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്റുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സി.സീമയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയ്ക്കിടെയാണ് ബോട്ട് പിടിച്ചെടുത്തത്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ പൂർത്തീകരിച്ച് 2,50,000 പിഴ സർക്കാരിലേക്ക് ഈടാക്കിയും ഉപയോഗ യോഗ്യമായ 1,51,900 രൂപയുടെ മത്സ്യം ലേലം ചെയ്ത് തുകയും ചേർത്ത് ആകെ 4,01900(നാല് ലക്ഷത്തി ആയരത്തി തൊള്ളായിരം) രൂപ ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. അഴീക്കോട് മത്സ്യഭവനിലെ ഫിഷറീസ് എകസ്റ്റന്റഷൻ ഓഫീസർ ഇ.ബി.സുമിത ഇംപോണ്ടിംഗ് നടപടി പൂർത്തിയാക്കി സർക്കാരിലേക്ക് റിപ്പോർട്ട് കൈമാറി. സംന ഗോപൻ,ജയചന്ദ്രൻ,വി.എൻ.പ്രശാന്ത് കുമാർ,ഇ.ആർ.ഷിനിൽകുമാർ,വി.എം.ഷൈബു,സിജീഷ്,അഷറഫ് പേബസാർ,ദേവസി മുനമ്പം, റോക്കി എന്നിവരാണ് പ്രത്യേക പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്.