ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികൾക്ക് ആശ്വാസം, ഐഡി കാർഡും ഇൻഷുറൻസ് പരിരക്ഷയും

Saturday 01 February 2025 12:44 PM IST

ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി തെഴിലാളികൾക്ക് (ഗിഗ് വർക്കേഴ്‌സ്) ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് ഇന്നത്തെ കേന്ദ്ര ബഡ്‌ജറ്റിൽ ഉണ്ടായിരിക്കുന്നത്. അസംഘടിത തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇ-ശ്രം പോർട്ടലിൽ ഇവരെ ഉൾപ്പെടുത്തുകയും, തിരിച്ചറിയൽ കാർഡുകൾ നൽകുകയും ചെയ്യുമെന്ന് ബഡ്‌ജറ്റ് അവതരണ വേളയിൽ ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ഒരു കോടിയോളം വരുന്ന ഗിഗ് തൊഴിലാളികൾക്ക് ഇത് പ്രയോജനകരമാകും.

രാജ്യത്തെ ഓൺലൈൻ പ്ളാറ്റ്‌ഫോം സേവന മേഖലയിൽ ഗിഗ് തൊഴിലാളികൾ നൽകുന്ന സംഭാവന വളരെ വലുതാണ്. അതുകൊണ്ടുതന്നെ നമ്മുടെ സർക്കാർ അവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി, ഇ-ശ്രം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കും.

ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തെ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. മാത്രമല്ല, ആയുഷ്മാൻ ഭാരത്, ആക്‌സിഡന്റൽ സുരക്ഷ, ലൈഫ് ഇൻഷുറൻസ് എന്നീ പരിരക്ഷകൾ കൂടി ഇവർക്ക് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ ആലോചനയിലുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.