ഗണേശ് കുമാർ ഷെറിന്റെ ബെസ്‌റ്റി, ജാമ്യത്തിന് പിന്നിൽ രണ്ട് മന്ത്രിമാർ; അബിൻ വർക്കി
ആലപ്പുഴ: കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ ശിക്ഷായിളവിൽ മന്ത്രി ഗണേശ് കുമാറിനെതിരെ ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ഗണേശ് കുമാർ ഷെറിന്റെ ബെസ്‌റ്റിയാണെന്ന് സംശയിക്കുന്നതായും, പ്രതിയുടെ ലോക്കൽ ഗാർഡിയൻ ചെങ്ങന്നൂരിലാണെന്നും അബിൻ വർക്കി ആരോപിച്ചു.
ഷെറിന്റെ ബെസ്‌റ്റിയായിരുന്നു ഗണേശ് കുമാർ എന്ന് സംശയിക്കപ്പെടുന്ന രീതിയിലാണ് അവരുടെ ശിക്ഷാ ഇളവ് നൽകിയിരിക്കുന്നത്. എന്തിനു വേണ്ടിയാണ് ഇത്തരം ക്രിമിനൽ കൂട്ടുകെട്ട്? ജയിലിൽ കിടക്കുന്ന ക്രിമിനലായ ഒരു സ്ത്രീയുമായി കേരളത്തിലെ മന്ത്രിക്കുള്ള ബന്ധമെന്താണ്? ഈ മന്ത്രി തുടർച്ചയായി ഷെറിനെ കാണുന്നുവെന്ന് ആരോപണമുയർന്നിട്ട് അതിൽ പ്രതികരണം പോലും ഉണ്ടായിട്ടില്ലെന്ന് അബിൻ പറഞ്ഞു.
ഗണേശ് കുമാർ ബെസ്‌റ്റിയാണെങ്കിൽ, ഷെറിന്റെ ലോക്കൽ ഗാർഡിയൻ ചെങ്ങന്നൂർ ഉണ്ടെന്ന ആരോപണവും അബിൻ വർക്കി ഉന്നയിച്ചു. എന്നാൽ അതാരാണെന്ന് വ്യക്തമാക്കാൻ അബിൻ തയ്യാറായില്ലെങ്കിലും ഒരു മന്ത്രിയാണെന്ന സൂചന നൽകി. ഇവർ രണ്ടുപേരുടെയും ഇടപെടലാണ് പ്രതിയുടെ ശിക്ഷായിളവിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും അബിൻ വർക്കി ആരോപിച്ചു.
അതിവേഗത്തിലാണ് ഷെറിന് മോചനം നൽകാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അർഹരായ നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വർഷം ശിക്ഷയനുഭവിച്ചവർ പോലും ജയിലിൽ തുടരുന്നുണ്ട്.