കാറിൽ കടത്തുന്നതിനിടെ 81ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ
അരൂർ: കാറിൽ കടത്തുകയായിരുന്ന 81ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലിബിൻഗിൽബർട്ടിനെയാണ് (37) കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.സി.ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യവിവനത്തെ തുടർന്ന് ഇന്നലെ പുലർച്ചേ തുറവൂർ - കുമ്പളങ്ങി റോഡിൽ നടത്തിയ പരിശോധനയിലാണ് എഴുപുന്ന വടക്ക് എം.കെ.രാമൻ വളവിന് സമീപത്തു വച്ച് ഇയാൾ കുടുങ്ങിയത്. കിയ സോനറ്റ് കാറിൽ നിന്ന് അര ലിറ്ററിന്റെ 162 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഒമ്പത് കേസ് മദ്യവും കണ്ടെടുത്തു. ലിബിൻ ഗിൽബർട്ട് ആഴ്ച തോറും കാറിലെത്തി മാഹിയിൽ നിന്ന് വിലകുറഞ്ഞ മദ്യം വാങ്ങുകയും നാട്ടിലേക്ക് മടങ്ങുന്നതിനിടെ മുൻകൂർ ഓർഡർ നൽകിയ ആവശ്യക്കാർക്ക് ഉയർന്ന വിലയ്ക്ക് മറിച്ചു വിൽക്കുകയായിരുന്നു പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധന സംഘത്തിൽ ഇൻസ്പെക്ടർക്ക് പുറമേ അസി. എക്സൈസ് ഇൻസ്പെക്ടർ സബിനേഷ് ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, വിഷ്ണുദാസ്, വിപിൻ, ഉമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ വിധു എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.