ഐ.ടി നഗരത്തിൽ ഓട്ടാേകൾക്ക് കൊള്ളച്ചാർജ്  അരക്കിലോ മീറ്ററിന് 70 മുതൽ 100 രൂപ വരെ  വേണ്ടത്ര പരിശോധനയില്ലെന്ന് പരാതി

Monday 03 February 2025 3:08 AM IST

കുളത്തൂർ: കഴക്കൂട്ടം ടെക്നോപാർക്ക് ഉൾപ്പെടുന്ന പ്രദേശത്ത് ഓട്ടോറിക്ഷകൾ അമിത ചാർജ് ഈടാക്കുന്നതായി പരാതി.ടെക്നോപാർക്കിന്റെ പരിധിയിലുള്ള മിക്ക സ്റ്റാൻഡുകളിലും ചെറിയ ഓട്ടത്തിനുപോലും അമിത ചാർജാണ് ഈടാക്കുന്നത്.ഇതിനെതിരെ പ്രതികരിക്കുന്നവരെ ചിലർ ഭീഷണിപ്പെടുത്തിയിട്ടും കൈയേറ്റം ചെയ്തിട്ടും മോട്ടാേർ വാഹനവകുപ്പും പൊലീസും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.ഓൺലൈൻ ഓട്ടോകളിൽ നിരക്ക് കുറവാണെങ്കിലും സ്റ്റാൻഡിൽ നിന്ന് യാത്രക്കാരെ കയറ്റാൻ മറ്റ് ഓട്ടോക്കാർ സമ്മതിക്കാറില്ല.സംസ്ഥാനത്തെ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും ഓട്ടോകളിലും യാത്രാനിരക്ക് തിരിച്ചറിയാനാകുന്ന വിധത്തിൽ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നിയമം.

പുതുക്കിയ നിരക്കനുസരിച്ച് ഒന്നരക്കിലോമീറ്ററിന് 30 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്ക് മുതൽ 26 കിലോമീറ്ററിനുള്ള 397.50 രൂപ എന്ന നിരക്ക് പട്ടികയാണ് പ്രദർശിപ്പിക്കേണ്ടത്. ഇത് ലംഘിക്കുന്നവർക്കെതിരെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ നടപടിയെടുക്കണം.

ടെക്നോപാർക്കിന് സമീപത്തെ ഓട്ടോസ്റ്റാൻഡിൽ അരക്കിലോമീറ്റർ യാത്രയ്ക്ക് പോലും പകൽസമയത്ത് 70മുതൽ 100 രൂപ വരെയാണ് ഈടാക്കുന്നത്. രാത്രിയിൽ ഇതിന്റെ ഇരട്ടിയാണ് നിരക്ക്.

നഗരത്തിന് പുറത്ത് റിട്ടേൺ ചാർജ്

നഗരത്തിൽ മാത്രമാണ് മീറ്ററിലെ നിരക്കെന്നും നഗരത്തിന് പുറത്ത് തിരികെ വരുന്നതിനുള്ള റിട്ടേൺ ചാർജ് കൂടിയാണ് ഈടാക്കുന്നതെന്നും ഓട്ടോറിക്ഷ ഡ‌്രൈവർമാർ പറഞ്ഞു. എന്നാൽ, പകൽസമയത്ത് റിട്ടേൺ ചാർജ് ഈടാക്കാൻ പാടില്ലെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ പറയുന്നു. മീറ്റർ കൃത്യമായി പ്രവർത്തിപ്പിക്കണമെന്നും അങ്ങനെ ചെയ്യാത്തവരുടെ പെർമിറ്റും ലൈസൻസും റദ്ദാക്കണമെന്നും എല്ലാ ആർ.ടി.ഒമാരോടും ജോയിന്റ് ആർ.ടി.ഒമാരോടും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് കർശനമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അമിതമായി ഓട്ടോചാർജ് ഈടാക്കുന്നതായി അറിയാൻ കഴിഞ്ഞിട്ടില്ല.ഇതുസംബന്ധിച്ച് രേഖാമൂലം ആരും പരാതി നൽകിയിട്ടില്ല. പരാതി നൽകിയാൽ അധികമായി ഈടാക്കിയ തുക തിരികെ വാങ്ങി നൽകി, കുറ്റക്കാരനായ ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കും.അയാളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ആവശ്യപ്പെടും. ലുലുമാളിന് മുന്നിൽ പ്രവർത്തിക്കുന്ന ഓട്ടോകൾ അമിത ചാർജ് ഈടാക്കിയതായുള്ള പരാതി പേട്ട സ്റ്റേഷനുമായി ബന്ധപ്പെട്ട് പരിഹരിച്ചിരുന്നു. സൈബർ സിറ്റി പരിധിയിലെ ഓട്ടോ തൊഴിലാളി പ്രതിനിധികളുടെ യോഗം ഉടൻ വിളിച്ചുകൂട്ടി പ്രശ്നത്തിന് പരിഹാരം കാണും.

നിയാസ്, കഴക്കൂട്ടം സൈബർ

സിറ്റി അസിസ്റ്റന്റ് കമ്മിഷണർ