താരിഫ് ഭീഷണി: യു.എസിന് കാനഡയുടെ തിരിച്ചടി

Monday 03 February 2025 7:00 AM IST

 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രൂഡോ

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി കാനഡ. ശനിയാഴ്ചയാണ് കാനഡയിലും മെക്‌സിക്കോയിലും നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനവും താരിഫ് ഏർപ്പെടുത്താൻ ട്രംപ് ഉത്തരവിട്ടത്. നാളെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 15,500 കോടി കനേഡിയൻ ഡോളർ മൂല്യമുള്ള യു.എസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ 3,000 കോടി ഡോളറിന്റെ ഇറക്കുമതിക്ക് നാളെ മുതലും 12,500 കോടി ഡോളർ ഇറക്കുമതിക്ക് 21 ദിവസത്തിനകവും താരിഫ് ഏർപ്പെടുത്തും.

യു.എസിൽ നിന്ന് കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളെയും താരിഫ് ബാധിക്കും. അതേസമയം, യു.എസുമായുള്ള ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതിസന്ധികളിൽ യു.എസിനൊപ്പം നിന്നവരാണ് കനേഡിയൻ ജനതയെന്നും ട്രൂഡോ ഓർമ്മിപ്പിച്ചു. പൗരന്മാർ തദ്ദേശീയ ഉത്പന്നങ്ങൾ വാങ്ങണമെന്നും പറഞ്ഞു. കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ച ട്രൂഡോ മാർച്ചിൽ സ്ഥാനം ഒഴിയാനിരിക്കെയാണ് പ്രഖ്യാപനം.

തിരിച്ചടിക്ക് മെക്‌സിക്കോയും

ചൈനയും

മെക്‌സിക്കോയും യു.എസ് ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തിയേക്കും. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട യു.എസിന്റെ ആശങ്കകളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് മെക്സിക്കോ അറിയിച്ചിരുന്നു. എന്നാൽ, മയക്കുമരുന്ന് കാർട്ടലുകളെയും സർക്കാരിനെയും ബന്ധപ്പെടുത്തിയുള്ള ട്രംപിന്റെ പരാമർശത്തിൽ മെക്‌സിക്കോയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

ഗൾഫ് ഒഫ് മെക്സിക്കോയുടെ പേര് ട്രംപ് 'ഗൾഫ് ഒഫ് അമേരിക്ക" എന്ന് മാറ്റിയതും അപ്രീതിക്ക് കാരണമായി. അതേസമയം, തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച ചൈന, ഉഭയകക്ഷി ബന്ധത്തെ മോശമായി ബാധിച്ചേക്കുമെന്ന് യു.എസിന് മുന്നറിയിപ്പ് നൽകി. ലോക വ്യാപാര സംഘടനയെ സമീപിക്കാനും പദ്ധതിയുണ്ട്.

യു.എസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് കാനഡയും മെക്സിക്കോയും ചൈനയും. യു.എസിലെ ഇറക്കുമതിയുടെ 40 ശതമാനവും മൂന്ന് രാജ്യങ്ങളിൽ നിന്നാണ്. അനധികൃത കുടിയേ​റ്റം,​ ലഹരി മരുന്നായ ഫെന്റാനിൽ ഒഴുക്ക് എന്നിവ തടയുന്നില്ലെന്ന് കാട്ടിയാണ് ട്രംപ് താരിഫ് ചുമത്തിയത്.

 വ്യാപാര യുദ്ധത്തിനില്ല

യു.എസുമായി വ്യാപാരയുദ്ധത്തിന് തയ്യാറല്ലെന്ന് മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി. തിരിച്ചടിച്ചാൽ താരിഫ് ഉയർത്തിയേക്കുമെന്നാണ് ട്രംപിന്റെ പ്രതികരണം.

 ട്രംപിന്റെ തീരുമാനം അമേരിക്കൻ കുടുംബങ്ങളുടെ ജീവിതച്ചെലവ് ഉയർത്തും. വിതരണ ശൃംഖല തകിടം മറിയും.

- യു.എസ് ചേംബർ ഒഫ് കൊമേഴ്സ്