മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ഓട്ടോ ഡ്രെെവറുടെ മൊഴി നിർണായകമായി, ആറുപേർ പിടിയിൽ

Monday 03 February 2025 11:17 AM IST

ഇടുക്കി: മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. എട്ട് പേരാണ് കൊലയാളി സംഘത്തിൽ ഉള്ളത്. ഓട്ടോറിക്ഷയിലാണ് മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുവന്നത്. ഓട്ടോ ഡ്രെെവർ നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. സംശയം തോന്നിയ ഡ്രെെവർ കാഞ്ഞാർ എസ്ഐക്ക് വിവരം നൽകുകയായിരുന്നു.

പ്രദേശത്ത് കടുത്ത ദുർഗന്ധം വമിച്ചതോടെ ഇന്നലെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ മൃതദേഹത്തിന് മൂന്നുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള വെെരാഗ്യത്തിന്റെ ഭാഗമാണോ കൊലപാതകമെന്നും പൊലീസ് സംശയിക്കുന്നു.