ഇന്ത്യയുടെ കൗമാരവിജയം
മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വട്ടവും കപ്പുയർത്തി ഇന്ത്യൻ കൗമാര ടീം രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ കുമാരിമാർ കിരീടം ചൂടിയത്. ടൂർണമെന്റിൽ ഒറ്റക്കളിപോലും തോൽക്കാതെയാണ് മലയാളി പേസർ വി.ജെ ജോഷിത അംഗമായ ടീം ഇന്ത്യ ചാമ്പ്യന്മാരായത്. 2023-ൽ നടന്ന പ്രഥമ ലോകകപ്പിലും ഇന്ത്യയ്ക്കായിരുന്നു കിരീടം. ഫൈനലിൽ ആദ്യം ബാറ്റ്ചെയ്ത ദക്ഷിണാഫ്രിക്ക 82 റൺസിന് ആൾഔട്ടായപ്പോൾ ഇന്ത്യ 11.2 ഓവറിൽ ഒരു വിക്കറ്റുമാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജി.തൃഷ ബാറ്റിംഗിനിറങ്ങി 44 റൺസുംകൂടി നേടി പുറത്താകാതെ നിന്നതോടെ പ്ളേയർ ഒഫ് ദ ഫൈനലും പ്ളേയർ ഒഫ് ദ ടൂർണമെന്റുമായി.
17 വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ വൈഷ്ണവി ശർമ്മയാണ് ടോപ് വിക്കറ്റ്ടേക്കർ. ജോഷിത ആറുമത്സരങ്ങളിൽ നിന്ന് ആറുവിക്കറ്റ് വീഴ്ത്തി. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അഞ്ച് റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി പ്ളേയർ ഒഫ് ദ മാച്ചുമായി. പുരുഷ ക്രിക്കറ്റിൽ മാത്രമല്ല, വനിതാ ക്രിക്കറ്റിലും ഇന്ത്യയുടെ പ്രാമാണികത വിളിച്ചോതുന്നതായി ഈ ലോകകപ്പ് വിജയം. കഴിഞ്ഞ വർഷം കരീബിയനിൽ നടന്ന പുരുഷ ട്വന്റി-20 ലോകകപ്പിൽ ജേതാക്കളായത് ഇന്ത്യയാണ്. വനിതാ വിഭാഗത്തിൽ സീനിയർ തലത്തിലും ജൂനിയർ തലത്തിലും മികച്ച ടീമുകളാണ് നമുക്കുള്ളത്. പ്രതിഫലത്തുകയിലെ വേർതിരിവുപോലും ഇല്ലാതാക്കിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മാതൃകാപരമായ നടപടികളാണ് പെൺകുട്ടികൾക്കും തിരഞ്ഞെടുക്കാവുന്ന ഒരു കരിയറാക്കി ക്രിക്കറ്റിനെ മാറ്റിയത്.
പുരുഷ ക്രിക്കറ്റിന്റെ നിഴലിൽ നിന്ന് പുറത്തുകടന്ന വനിതാ ക്രിക്കറ്റർമാർക്കു വേണ്ടി ഐ.പി.എൽ മാതൃകയിൽ വനിതാ പ്രിമിയർ ലീഗും ബി.സി.സി.ഐ നടത്തുന്നുണ്ട്. വനിതാ ക്രിക്കറ്റിൽ വരാനിരിക്കുന്ന കാലവും ഇന്ത്യയുടേതായിരിക്കുമെന്ന വ്യക്തമായ സൂചനയാണ് ഈ ലോകകപ്പ് നേട്ടം. കിരീടമുയർത്തിയ സംഘത്തിൽ ഒരു മലയാളിപ്പെൺകുട്ടിയും ഉണ്ടെന്നത് കേരളത്തിനും അഭിമാനം പകരുന്നു. ഇന്ത്യൻ സീനിയർ ടീമിൽ അംഗങ്ങളായ മിന്നുമണിയുടേയും സജന സജീവന്റേയും നാടായ വയനാട്ടിൽ നിന്നാണ് വി.ജെ ജോഷിതയെന്ന ഈ മിടുമിടുക്കി ഇന്ത്യൻ കുപ്പായമണിയാൻ എത്തിയതെന്നതും അഭിമാനകരമാണ്. വയനാട്ടിലെ കൃഷ്ണഗിരിയിലെ കെ.സി.എ സ്റ്റേഡിയത്തോടനുബന്ധിച്ച് തുടങ്ങിയ അക്കാഡമിയിൽ നിന്നാണ് മിന്നുവും സജനയും ജോഷിതയും കളി പഠിച്ചത്. ലോക ക്രിക്കറ്റ് ഭൂപടത്തിലേക്ക് വയനാടിനെ ചേർത്തുവയ്ക്കുകയാണ് ഈ താരങ്ങൾ.
സീനിയർ പുരുഷ ടീമിൽ സഞ്ജു സാംസണിനു പോലും സ്വന്തം സ്ഥാനമുറപ്പിക്കാൻ കഴിയാത്തത്ര മത്സരമുള്ള കാലമാണിത്. ജൂനിയർ തലത്തിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും ദേശീയ ടീമിൽ കളിക്കാൻ ശേഷിയുള്ളവർ കേരളത്തിൽ നിന്ന് ഉയർന്നുവരുന്നത് ശുഭസൂചനയാണ്. കൂടുതൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനും അക്കാഡമികൾ നടത്താനും കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്നിട്ടിറങ്ങുന്നതിന്റെ ഫലമാണിത്. പണ്ട് മറുനാട്ടിൽ മികച്ച പരിശീലനം നടത്തിയാൽ മാത്രമായിരുന്നു ഇന്ത്യൻ ടീമിലേക്ക് മലയാളി താരങ്ങൾക്ക് വിളിയെത്തിയിരുന്നത്. എന്നാൽ നമ്മുടെ കുട്ടികളെ നമുക്കുതന്നെ പാകപ്പെടുത്തിയെടുക്കാൻ കഴിയുന്നുവെന്നതിൽ കെ.സി.എയ്ക്ക് അഭിമാനിക്കാം.