ക്ഷയരോഗം കണ്ടെത്താൻ സ്‌കൂളുകളിൽ നിരീക്ഷണം
ആലപ്പുഴ : വിദ്യാർത്ഥികളിലെ ക്ഷയരോഗം കണ്ടെത്തുന്നതിനായി ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നിരീക്ഷണം നടത്തും. കുട്ടികൾക്കോ വീട്ടിലുള്ള മറ്റംഗങ്ങൾക്കോ രോഗലക്ഷണമുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധനയ്‌ക്കെത്താൻ സ്‌കൂൾ അസംബ്ലിയിലൂടെ അറിയിക്കും.
ശരീരഭാര സൂചിക (ബോഡി മാസ് ഇൻഡക്സ്) 18.5ൽ താഴെയുള്ളവർ, മറ്റുരോഗങ്ങളുള്ളവർ എന്നിവരെ പരിശോധനയ്ക്ക് വിധേയമാക്കും. അടുത്തവർഷം മുതൽ 'പ്രതീക്ഷ' എന്ന പേരിൽ പ്രത്യേക പദ്ധതിയും ക്ഷയരോഗനിർമ്മാർജ്ജനത്തിനായി നടപ്പാക്കും.
ശരീരഭാര സൂചിക 18.5ൽ താഴെയുള്ളവരും മറ്റുരോഗമുള്ളവരുമായ കുട്ടികളിലാണ് ക്ഷയരോഗം എളുപ്പം പിടിപെടുന്നത്.
ശ്വാസകോശത്തെയാണ് പ്രധാനമായും ക്ഷയരോഗം ബാധിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗം പടരുമെന്നതിനാലാണ് സ്‌കൂളുകളിലും നിരീക്ഷണം ഏർപ്പെടുത്തുന്നത്. സ്‌കൂളുകൾക്ക് പുറമെ അഗതി മന്ദിരങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പ്രവർത്തനങ്ങൾ നടത്തും.
രോഗ സാദ്ധ്യതാ പട്ടിക തയ്യാറാക്കി പരിശോധന
ക്ഷയരോഗം പെട്ടെന്ന് പിടിപെടാൻ സാദ്ധ്യതയുള്ള വിവിധവിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കി രോഗലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധന നടത്തും
60 വയസ്സിനുമുകളിലുള്ളവർ, ശരീരഭാര സൂചിക 18.5 ൽ താഴെയുള്ളവർ, പ്രമേഹ ബാധിതർ, മദ്യപിക്കുന്നവർ, ക്ഷയരോഗ പശ്ചാത്തലമുള്ള കുടുംബങ്ങളിലുള്ളവർ തുടങ്ങിയവരെ പ്രത്യേകം നിരീക്ഷിക്കും
ആശ വർക്കർമാരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ നിന്നുള്ളവരുടെ വിവരം ശേഖരിക്കും. രോഗലക്ഷണമുള്ളവർക്ക് ജനകീയ ആരോഗ്യകേന്ദ്രങ്ങളിലായിരിക്കും പരിശോധന.
ജില്ലയിൽ ഒരു വർഷത്തിനിടെ
രോഗം ബാധിച്ച വിദ്യാർത്ഥികൾ
11
മരണമടഞ്ഞവർ
2