സെലീനാമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു

Wednesday 05 February 2025 3:06 PM IST

ഉദിയൻകുളങ്ങര: അമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മകന്റെ പരാതിയിൽ കല്ലറ പൊളിച്ചു മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. ധനുവച്ചപുരം വൈദ്യൻ വിളാകത്ത് സെലീനാമ്മ (75) യുടെ കല്ലറ തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. സെലീനാമ്മയുടെ ആഭരണങ്ങൾ കാണാനില്ലെന്നും മൃതദേഹത്തിൽ കണ്ടെത്തിയ ചില മുറിപ്പാടുകളിൽ ദുരൂഹമാണെന്നും ആരോപിച്ച് മകൻ രാജു പാറശാല പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നായിരുന്നു കല്ലറ തുറക്കാൻ ആർ.ഡി.ഒ ഉത്തരവിട്ടത്.

പ്രാഥമിക പരിശോധനയിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്നും ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് വന്നാലേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂവെന്നും

നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി പറഞ്ഞു.

പാറശാല താലൂക്ക് ഹെഡ്കോർട്ടേഴ്സ് ആശുപത്രിയിലെ മുൻജീവനക്കാരിയായിരുന്നു സെലിനാമ്മ. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇവർകഴിഞ്ഞ 17ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദ്രോഗി കൂടിയായതിനാൽ സ്വാഭാവിക മരണമെന്ന് കണക്കാക്കി ബന്ധുക്കൾ പള്ളിസെമിത്തേരിയിൽ അടക്കി.

മൃതദേഹം അടക്കം ചെയ്യുന്നതിന് മുമ്പ് സെലീനാമ്മ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ബന്ധുക്കൾ മകൻ രാജുവിനെ ഏൽപ്പിച്ചിരുന്നു. ഈ ആഭരണങ്ങൾ രാജു വിൽക്കാൻ കൊണ്ടുപോയപ്പോൾ മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തി. തുടർന്നാണ് രാജു പരാതിയുമായി രംഗത്തെത്തിയത്.

ഇന്നലെ രാവിലെ 11 മണിയോടെ പുല്ലൻതേരിയിലെ സെമിത്തേരിയിൽ ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് ഫോറൻസിക് സംഘം മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ഡോ.എൻ.എസ്.നവനീത്കുമാർ തുടങ്ങിയവർ പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകി. പോസ്റ്റുമോർട്ടത്തിന് ശേഷം മതാചാരപ്രകാരം മൃതദേഹം വീണ്ടും പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു