ഭീകരാക്രമണം: മുൻ സൈനികൻ കൊല്ലപ്പെട്ടു,​ ഭാര്യയ്ക്കും ബന്ധുവിനും പരിക്ക്

Tuesday 04 February 2025 12:52 AM IST

കുൽഗാം: തെക്കൻ കാശ്മീരിലെ കുൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മുൻ സൈനികൻ കൊല്ലപ്പെട്ടു.

മുൻ സൈനികൻ മൻസൂർ അഹമ്മദ് വാഗേ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ആക്രമണത്തിൽ അഹമ്മദ് വാഗേയുടെ ഭാര്യയ്ക്കും ബന്ധുവിനും പരിക്കേറ്റിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ ദിവസം ബേഹിബാഗിലെ താമസസ്ഥലത്ത് കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചു. മൻസൂർ അഹമ്മദിന്റെ അടിവയറ്റിലാണ് വെടിയേറ്റത്. ഇയാളുടെ ഭാര്യ ഐന അക്തറിനും (32) ബന്ധുവായ ഹബീബുള്ള ഷായുടെ മകൾ സൈന ഹമീദിനും (13) കാലുകൾക്കാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു.

162 ടി.എയിലെ സൈനികനായ മൻസൂർ അഞ്ച് വർഷം മുമ്പാണ് ടെറിട്ടോറിയൽ ആർമിയിൽ നിന്ന് വിരമിക്കുന്നത്. പൊലീസ്,സൈന്യം,സി.ആർ.പി.എഫ് ജവാന്മാർ എന്നിവരടങ്ങുന്ന സംഘം ആക്രമണ സ്ഥലത്ത് എത്തി. ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ വിലയിരുത്താൻ പ്രദേശം സന്ദർശിച്ചു.