തേനിയിൽ കാട്ടാന  ആക്രമണത്തിൽ സ്ത്രീ മരിച്ചു

Tuesday 04 February 2025 9:45 AM IST

ചെന്നെെ: തമിഴ്‌നാട് തേനിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. ഗൂഡല്ലൂർ സ്വദേശി പിച്ചയ്യയുടെ ഭാര്യ സരസ്വതിയാണ് മരിച്ചത്. തേനിയിലെ ലോവർ ക്യാമ്പിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. ലോവർ ക്യാമ്പിൽ താമസിച്ച് കൂലിപ്പണി ചെയ്തുവരികയായിരുന്നു സരസ്വതിയും ഭർത്താവും.

അഴകേശൻ എന്നയാളുടെ തോട്ടത്തിൽ പണിക്ക് പോയി തിരികെ വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. വനത്തിന് സമീപത്തെ റോഡിലൂടെ നടന്നു വരികയായിരുന്നു ഇവർ. ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ ഉടൻ തന്നെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കമ്പത്തെ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.