ആവശ്യമില്ലാതെ വിമാനം പറപ്പിച്ചു; പിഴയായി എയര്‍ ഇന്ത്യ നല്‍കേണ്ടത് ലക്ഷങ്ങള്‍
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് പിഴ ചുമത്തി ഡിജിസിഎ. എയര്‍ ഇന്ത്യ ഡിജിസിഎയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 30 ലക്ഷം രൂപ പിഴയായി ചുമത്തിയിരിക്കുന്നത്. വിമാനക്കമ്പനിയുടെ ഓപ്പറേഷന്‍സ് മേധാവിക്കും റോസ്റ്ററിംഗ് മേധാവിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് എയര്‍ ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഡിജിസിഎ നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 29ന് എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില നടപടികളാണ് പിഴ ചുമത്തുന്നതിലേക്ക് നയിച്ചത്. ആവശ്യകതകള്‍ ഇല്ലാതിരുന്നിട്ടുപോലും എയര്‍ ഇന്ത്യ ഒരു ഫ്‌ളൈറ്റ് പ്രവര്‍ത്തിപ്പിച്ചു, 3 ടേക്ക് ഓഫും ലാന്‍ഡിംഗും നടത്തിയിട്ടുണ്ടെന്നും ഇത് സിവില്‍ ഏവിയേഷന്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ഡിജിസിഎ ഉത്തരവില്‍ പറയുന്നു. കൂടാതെ, സിഎഇ വിന്‍ഡോയില്‍ പ്രതിഫലിക്കുന്ന ഒന്നിലധികം വ്യാജ അലേര്‍ട്ടുകള്‍ കണ്‍ട്രോളര്‍മാര്‍ അവഗണിച്ചുവെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഉത്തരവില്‍ പറയുന്നു.
എയര്‍ക്രാഫ്റ്റ് റൂള്‍സ്, 1937 ലെ റൂള്‍ 162 പ്രകാരം നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചാണ് 30 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യക്ക് ഇതിനു മുന്‍പും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് പിഴ ചുമത്തിയിട്ടുണ്ട്. പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതില്‍ വരുത്തിയ വീഴ്ചയ്ക്കായിരുന്നു പിഴ. പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ ചുമത്തിയത് മുംബയില്‍ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തില്‍ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേര്‍ന്ന് പറത്തിയത്.