ഊഞ്ഞാൽക്കയർ കഴുത്തിൽ ചുറ്റി യുവാവ് മരിച്ചു
നെടുമങ്ങാട്: ഊഞ്ഞാലിൽ കറങ്ങവെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല വാഴാലി തടത്തരികത്ത് കാവേരി ഭവനിൽ സിന്ധു കുമാർ (26,അഭിലാഷ്)ആണ് മരിച്ചത്. ഇന്നലെ രാവിലെ സിന്ധുകുമാറിന്റെ സഹോദരിയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയുടെ കുട്ടികൾക്കായി വീടിന്റെ മുറ്റത്ത് കെട്ടിയിരുന്ന ഊഞ്ഞാലിൽ ഇരുന്ന് കറങ്ങുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കേരള വിഷൻ ഹരിശ്രീ കേബിൾ ടി.വിയുടെ ജിവനക്കാരനാണ്. തിങ്കളാഴ്ച രാത്രി വളരെ വൈകിയാണ് വീട്ടിലെത്തിയത്.സഹോദരിയും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ ഉറക്കത്തിലായിരുന്നു.അവരെ ഉണർത്താതെ ഊഞ്ഞാലിൽ ഇരന്നപ്പോഴാകാം അപകടം സംഭവിച്ചതെന്നാണ് നിഗമനം. അവിവാഹിതനാണ്. കുഞ്ഞുമോന്റെയും പരേതയായ ലീലയുടെയും മകനാണ്.ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. അരുവിക്കര പൊലീസ് കേസെടുത്തു.