യുവതികള്‍ വാടകയ്‌ക്കെടുത്തത് ടോയ്‌ലെറ്റിനുള്ളിലെ ഭാഗം; പട്ടാപ്പകല്‍ അനാശാസ്യം, പൊറുതിമുട്ടി നാട്ടുകാര്‍

Tuesday 04 February 2025 8:42 PM IST


കൊച്ചി: പെരുമ്പാവൂര്‍ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശുചിമുറി നടത്തിപ്പുകാരനായ ജോണി, അസം സ്വദേശിയായ ഒരു യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ എന്നിവരാണ് അറസ്റ്റിലായത്.ടോയ്‌ലെറ്റിന്റെ ഉള്‍ഭാഗം മൂന്ന് മുറികളായി തിരിച്ചാണ് പെണ്‍വാണിഭസംഘത്തിന് വാടകയ്ക്ക് നല്‍കിയിരുന്നത്. സംഘത്തിന്റെ കൈയില്‍ നിന്ന് പണം വാങ്ങി ടൊയ്‌ലെറ്റിലെ ഈ ഭാഗം വാടകയ്ക്ക് കൊടുത്ത ശേഷം മുന്നൂറു രൂപ ജോണി കമ്മീഷനായി വാങ്ങുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു.

പെരുമ്പാവൂര്‍ യാത്രിനിവാസിലെ ശുചി മുറി കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. 1500ഓളം രൂപയാണ് നടത്തിപ്പുകാരന്‍ വാങ്ങിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്‍സ്‌പെക്ടര്‍ ടി.എം. സൂഫി, എസ്.ഐ റിന്‍സ് എം. തോമസ്, സീനിയര്‍ സി.പി.ഒമാരായ പ്രദീപ്, ബിന്ദു, ജിന്‍സ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കേരളത്തില്‍ ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് പെരുമ്പാവൂര്‍. ഈ പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ സംഘത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ അടുത്തിടെയായി വര്‍ദ്ധിച്ചു വരികയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബാംഗങ്ങളെന്ന പേരില്‍ നിരവധി വനിതകളും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നുണ്ട്.

പല സ്ഥലങ്ങളിലും വീട് വാടകയ്‌ക്കെടുത്ത് കുടുംബം പോലെ താമസിച്ച ശേഷം അനാശാസ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന നിരവധി സംഘങ്ങള്‍ ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന പരാതി നാട്ടുകാര്‍ക്കുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെന്ന പേരില്‍ ബംഗ്ലാദേശില്‍ നിന്ന് പോലും കേരളത്തിലേക്ക് യുവതികള്‍ എത്തുന്നത് വ്യാപകമാകുന്നുമുണ്ട്.