മോദി ഇന്ന് കുംഭമേളയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശ് പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയ്‌ക്കെത്തും. ത്രിവേണീ സംഗമത്തിൽ പുണ്യ സ്‌നാനം ചെയ്യും. രാവിലെ 10ന് പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തുന്ന മോദി,10.45ഓടെ കുംഭമേള മേഖലയിലെത്തും. അവിടെ നിന്ന് ബോട്ടിൽ ത്രിവേണീ സംഗമത്തിലേക്ക്. 11നും 11.30നും ഇടയിൽ സ്‌നാനം ചെയ്യും. ഉച്ചയ്‌ക്ക് 12.30ഓടെ പ്രയാഗ്‌രാജിൽ നിന്ന് മടങ്ങും.
രാഷ്ട്രീയ നേട്ടത്തിന്: ആംആദ്മി
ഡൽഹി വോട്ടെടുപ്പ് ദിവസം തന്നെ മോദി കുംഭമേളയ്‌ക്കെത്തുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് ആംആദ്മി ആരോപിച്ചു. ആലോചിച്ചുറപ്പിച്ച പദ്ധതിയാണ്. മതവികാരം മുതലെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പാർട്ടി വക്താവ് അനുരാഗ് ദാൻഡ പറഞ്ഞു. വോട്ടെടുപ്പിന് ശേഷം പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ കുടുംബവുമൊത്ത് കുംഭമേളയ്‌ക്ക് പോകും.
നുണ പ്രചരിപ്പിക്കുന്നു: യോഗി
കുംഭമേളയെ കുറിച്ച് സമാജ്‌വാദി പാർട്ടിയും അഖിലേഷ് യാദവും നുണ പ്രചരിപ്പിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. കോൺഗ്രസും അവർക്കൊപ്പമുണ്ടെന്ന് കൂട്ടിച്ചേർത്തു. ജനുവരി 29ലെ മൗനി അമാവാസി ദിനത്തിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ യഥാർത്ഥ കണക്ക് പുറത്തുവിടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു.
37 കോടി കടന്നു
ജനുവരി 13ന് ആരംഭിച്ച കുംഭമേളയിൽ ഇതുവരെ എത്തിയ തീർത്ഥാടകരുടെ എണ്ണം 37കോടി കടന്നുവെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഇന്നലെ ഭൂട്ടാൻ രാജാവ് ജിഗ്‌മെ ഖേസർ നംഗ്യേൽ വ്യാംഗ്ചുക് കുംഭമേളയ്‌ക്കെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണിത്. ലക്‌നൗ വിമാനത്താവളത്തിൽ യോഗി ആദിത്യനാഥ് ഭൂട്ടാൻ രാജാവിനെ സ്വീകരിച്ചു.