കഠിനംകുളം കൊലക്കേസ്; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

Thursday 06 February 2025 1:26 AM IST

കഴക്കൂട്ടം: കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ഔസേപ്പിനെ കൊലപാതകം നടത്തിയ കഠിനംകുളത്തെ വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി.ഇയാൾ താമസിച്ചിരുന്ന പെരുമാതുറയിലെ വാടക വീട്ടിലും കൊണ്ടുപോയി.കൊല നടത്തിയശേഷം രക്ഷപ്പെടുന്നതിനായി പ്രതിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തശേഷം 3500 രൂപയ്ക്ക് വിറ്റിരുന്നു. ആ ഫോണും പൊലീസ് കണ്ടെടുത്തു.

കൂടാതെ പ്രതി വസ്ത്രം വാങ്ങിയ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി.കടയുടമ ഇയാളെ തിരിച്ചറിഞ്ഞു. കൊല നടത്തുന്നതിന് ആഴ്ചകൾക്ക് മുൻപ് പെരുമാതുറയിൽ താമസിക്കുകയും അവിടുത്തെ കടകളിലെത്തി സാധനങ്ങൾ വാങ്ങിയിരുന്നു. ഇന്നലെ അവിടെയൊക്കെ പ്രതിയെ എത്തിച്ചപ്പോൾ കടയിലെ ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞു.

പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ശക്തമായ പൊലീസ് കാവലിയായിരുന്നു തെളിവെടുപ്പ്. 5 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ പ്രതി ഒളിവിൽ കഴിഞ്ഞ കോട്ടയത്തെ ചിങ്ങവനത്തും താമസിച്ചിരുന്ന കൊല്ലത്തും പ്രതി തങ്ങിയ മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് എസ്.എച്ച്. ഒ സജൻ പറഞ്ഞു.ഒന്നരയാഴ്ച മുൻപാണ് കഠിനംകുളത്ത് പൂജാരിയുടെ ഭാര്യ ആതിരയെ ഇയാൾ കുത്തിക്കൊലപ്പെടുത്തിയത്.