നെല്ലുവില വർദ്ധിപ്പിക്കാതെ കൂലി കൂട്ടില്ലെന്ന് കർഷകർ

Thursday 06 February 2025 1:20 AM IST

ആലപ്പുഴ : പുഞ്ചകൃഷിയുടെ നെല്ല് സംഭരണം ആരംഭിക്കാനിരിക്കെ നെൽവില വർദ്ധിപ്പിക്കാതെ കുട്ടനാട് മേഖലയിലെ കൂലി പരിഷ്കരിച്ച തീരുമാനം അംഗീകരിക്കില്ലെന്ന് കർഷകർ. അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്പാദന ചെലവേറിയ കേരളത്തിൽ നെല്ലിന്റെവില വർദ്ധിപ്പിക്കാതെ കൂലി പരിഷ്കരിച്ചത് കൃഷി കൂടുതൽ നഷ്ടത്തിലാക്കുമെന്നാണ് കർഷകരുടെ വാദം.

വിത മുതൽ 120 ദിവസം വരെ നീളുന്ന നെല്ലുത്പാദനത്തിന്റെ ഒന്നാംഘട്ടത്തിലും അതിനുശേഷം കൊയ്ത്തിൽ തുടങ്ങി സംഭരണത്തിൽ അവസാനിക്കുന്ന രണ്ടാം ഘട്ടത്തിലുമായുള്ള കൂലി വർദ്ധന നെല്ലിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും അപര്യാപ്തമാണ്. കഴിഞ്ഞ നാലു വർഷങ്ങളായി കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച എം.എസ്.പി ആനുകൂല്യമായ 4.32രൂപ തടഞ്ഞു വയ്ക്കുകയും നെൽവില സംസ്ഥാനം ഉയർത്താതിരിക്കുകയും ചെയ്തതിനാൽ നിലവിൽ കിലോഗ്രാമിന് 28 രൂപ 20 പൈസയാണ് കർഷകർക്ക് വിലയായി ലഭിക്കുന്നത്.

പൊരുത്തപ്പെടാതെ വരവും ചെലവും

 കൂലി പരിഷ്കരിക്കാനുള്ള ഐ.ആർ.സി തീരുമാനത്തോടെ, ഒരേക്കറിലെ ഉൽപാദനച്ചെലവ് 1200 രൂപയിലധികം വർദ്ധിക്കും

 കൂടാതെ കളങ്ങളിൽ നിന്ന് നെല്ല് വാരി ചാക്കിൽ നിറച്ച് ചുമന്ന് വള്ളത്തിൽ കയറ്റി ലോറിയിൽ അട്ടിവയ്ക്കുന്നതുവരെ ക്വിന്റലിന് ശരാശരി 25 രൂപയുടെ വർദ്ധനവ് ഉണ്ടാകും.
ഏക്കറിന് ശരാശരി 20 ക്വിന്റലാണ് നെല്ലുൽപാദനമെങ്കിൽ ഒരു ക്വിന്റൽ നെല്ലിന് അധികമായി കർഷകർ 85 രൂപയോളം ചെലവഴിക്കണം

 നിലവിലെ നെൽവിലയായ 2820 രൂപയിൽ നിന്ന് 85 രൂപ കുറവ് ചെയ്യുമ്പോൾ 2735 രൂപയാണ് കർഷകന് ലഭിക്കുക.

നിലവിലെ കൂലി

ആണാൾ........1250

പെണ്ണാൾ............ 720--725 (ഓട്ടോക്കൂലി, ഭക്ഷണചിലവുൾപ്പെടെ)

ഒരു ഏക്കറിലെ കൂലി വർദ്ധനയുടെ കണക്കിങ്ങനെ

 വിത്ത് ചുമടുമുതൽ കിളിർപ്പുവരെ ...............50 രൂപ

 വരമ്പുവെട്ട് .. 2പേർ.........................................100രൂപ

 കൈച്ചാൽ..... 2പേർ.........................................100രൂപ

 പറിച്ചുനടീൽ, അരികും മൂലയുംചെത്തൽ...250രൂപ

 വിത..................2പേർ.........................................100രൂപ

 വളപ്രയോഗം......രണ്ടരത്തവണ...2പേർ......250 രൂപ

 കീടനാശിനി........................................................250രൂപ

കൊയ്ത നെല്ലുവാരൽ...........................................50രൂപ

 വള്ളക്കൂലി, ചുമട്ടുകൂലി.....................................100രൂപ

ആകെ..................................................................1250രൂപ

ബഡ്ജറ്റിൽ പ്രതീക്ഷ

കേന്ദ്ര ബ‌ഡ്ജറ്റിൽ ഒരുരൂപ പോലും നെല്ലിന്റെ താങ്ങുവില കൂട്ടാത്ത സാഹചര്യത്തിൽ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിലാണ് കർഷകരുടെ പ്രതീക്ഷ. നെല്ലിന്റെ കൈകാര്യ ചെലവ് വർദ്ധിപ്പിക്കുന്നതിനൊപ്പം യഥാസമയം വില വിതരണത്തിനുള്ള റിവോൾവിംഗ് ഫണ്ട്, വിവിധ സബ്സിഡികൾ, കൃഷിയ്ക്കായി കുറഞ്ഞ പലിശയ്ക്കുള്ള വായ്പാ പദ്ധതികൾ എന്നിവയുണ്ടാകുമെന്ന് അറിയണം. 2024 -25 വർഷത്തെ പുഞ്ച കൃഷിവിളവെടുപ്പിന് മുന്നോടിയായി നെൽവില ഉയർത്തി നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

ഐ.ആർ.സി കൂലി വർദ്ധന കാർഷികമേഖലയിൽ വലിയ അസ്വസ്ഥതയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ നാലു വർഷങ്ങളിലായി എം.എസ്. പി ആനുകൂല്യം നിഷേധിച്ചശേഷം കൂലി വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണ്. ബഡ്ജറ്റിൽ നെൽവില വർദ്ധിപ്പിക്കാത്ത പക്ഷം പുതുക്കിയ കൂലി നൽകില്ല

- സോണിച്ചൻ പുളിങ്കുന്ന്, നെൽ കർഷക സംരക്ഷണ സമിതി