ഡൽഹി തിരഞ്ഞെടുപ്പ് : വോട്ടെടുപ്പിനിടെ കൈയാങ്കളി; 60% കടന്ന് വോട്ടിംഗ് നില

Thursday 06 February 2025 1:02 AM IST

ന്യൂഡൽഹി: ത്രികോണ പോരാട്ടം നടന്ന ഡൽഹിയിൽ വോട്ടെടുപ്പ് ദിനവും ആം ആദ്മി - ബി.ജെ.പി പ്രവർത്തകർ തെരുവിൽ പോരടിച്ചു. ഒടുവിലത്തെ കണക്കുപ്രകാരം വോട്ടിംഗ് നില 58 ശതമാനം കടന്നു. അന്തിമകണക്ക് വരുമ്പോൾ മാറ്റം വന്നേക്കും. 2020ൽ 62.82% ആയിരുന്നു. ശൈത്യമായതിനാൽ തുടക്കത്തിൽ വോട്ടിംഗ് ഇഴഞ്ഞുനീങ്ങി. സമയം അവസാനിച്ച വൈകിട്ട് ആറിന് പലയിടങ്ങളിലും ക്യൂ നീണ്ടു. ജംഗ്പുരയിൽ വോട്ടർമാർക്ക് ബി.ജെ.പി പണം നൽകിയെന്ന് ആരോപിച്ച് ആം ആദ്മി സ്ഥാനാർത്ഥിയും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും പ്രവർത്തകരും രംഗത്തെത്തിയത് സംഘർഷാവസ്ഥയുണ്ടാക്കി. ബി.ജെ.പി പ്രവർത്തകരും സംഘടിച്ചു. പൊലീസ് പ്രവർത്തകരെ അനുനയിപ്പിച്ചു. സീലംപൂരിൽ ബുർഖ ധരിച്ചെത്തിയ ചിലർ കള്ളവോട്ട് ചെയ്‌തെന്ന് ബി.ജെ.പി പരാതിപ്പെട്ടത് വാക്കുതർക്കത്തിനിടയാക്കി. നേർക്കുനേർ മുദ്രാവാക്യം വിളിച്ചു. കൈയാങ്കളിയിലെത്തിയെങ്കിലും ആർക്കും പരിക്കില്ല.

തിലക് മാർഗിൽ തങ്ങളുടെ പോളിംഗ് ഏജന്റുമാരുടെ അസാന്നിദ്ധ്യത്തിലാണ് മോക് പോളിംഗ് നടത്തിയതെന്ന് ആം ആദ്മി ആരോപിച്ചു. ചിരാഗ് ഡൽഹിയിലെ ബൂത്തുകളിൽ വെളിച്ചമില്ലായിരുന്നുവെന്നും വോട്ടിംഗ് യന്ത്രങ്ങൾ ഇരുട്ടിൽ സ്ഥാപിച്ചെന്നും മന്ത്രി സൗരഭ് ഭരദ്വാജ് പരാതിപ്പെട്ടു. ഗാന്ധി നഗറിൽ കള്ളവോട്ട് പരാതികളുയർന്നു. മുഖ്യമന്ത്രി അതിഷി മത്സരിക്കുന്ന കൽക്കാജിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് വോട്ടർമാരെ തടഞ്ഞെന്നാണ് പരാതി. ഇന്നലെ വന്ന എക്സിറ്റ് പോൾ സർവേ ഫലങ്ങളിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. 1998ലാണ് ഏറ്റവുമൊടുവിൽ ബി.ജെ.പി ഡൽഹി ഭരിച്ചത്. അതേസമയം അയൽ സംസ്ഥാനമായ ഹരിയാനയിൽ കോൺഗ്രസ് തിരിച്ചെത്തുമെന്ന എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ പാടെ തകർത്താണ് ബി.ജെ.പി അധികാരത്തുടർച്ച നേടിയത്.

ഉപതിരഞ്ഞെടുപ്പ്

 ഉത്തർപ്രദേശിലെ മിൽക്കിപൂരിൽ- 65.35 %

 തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് - 64.02 %

കേജ്‌രിവാളും കുടുംബവും

ന്യൂഡൽഹി മണ്ഡലത്തിൽ മത്സരിക്കുന്ന ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ കുടുംബസമേതമാണ് ലേഡി ഇ‌ർവിൻ സ്‌കൂളിലെ ബൂത്തിലെത്തിയത്. വീൽചെയറിലായിരുന്നു പിതാവ് ഗോബിന്ദ് രാം കേജ്‌രിവാളും, മാതാവ് ഗീതാ ദേവിയും. ഭാര്യ സുനിതയും മകൻ പുൽകിതും ഒപ്പമുണ്ടായിരുന്നു. എതിർ സ്ഥാനാർത്ഥി ബി.ജെ.പിയിലെ പർവേഷ് സാഹിബ് സിംഗ് വെ‌ർമയും കുടുംബത്തോടൊപ്പം എത്തി. രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവൻ വളപ്പിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ തുഗ്ലക് ക്രെസന്റ് ഏരിയയിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിർമാൺ ഭവനിലും, ഡൽഹി മുഖ്യമന്ത്രി അതിഷി കൽക്കാജിയിലെ ബൂത്തിലും സമ്മതിദാനാവകാശം വിനിയോഗിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മകൻ റൈഹാൻ വാദ്ര എന്നിവരും വോട്ട് ചെയ്‌തു.